കോട്ടയം: ഒടുവിൽ ലീനയെ തേടി ബന്ധുക്കൾ എത്തി. പ്രളയം മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയ പെണ്‍കുട്ടിക്ക് ദീപിക ഓണ്‍ലൈൻ വാർത്തയാണ് തുണയായത്. ദീപികയിലെ വാർത്ത കണ്ട് ലീനയുടെ മാതൃസഹോദരൻ ഷിബു ജോർജ് മസ്കറ്റിൽ നിന്നും ബന്ധപ്പെട്ടാണ് കുട്ടിയെ ബന്ധുക്കൾക്കൊപ്പം അയച്ചത്.
ഷിബുവിന്റെ ഭാര്യ അനിലയുടെ മാതാപിതാക്കളാണ് കുട്ടിയെ തേടി ആദ്യമെത്തിയത്. ഇവർക്ക് പിന്നാലെ ലീന പഠിക്കുന്ന സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക ട്രീസ സെബാസ്റ്റ്യനും അധ്യാപകരും എത്തി.
ബന്ധുക്കളും അധ്യാപകരും എത്തിയതോടെ കോട്ടയം കടുവാക്കുളം എമ്മാവൂസ് സ്കൂൾ വികാരനിർഭരമായ രംഗങ്ങൾക്കാണ് സാക്ഷിയായത്. ലീനയെ കണ്ടതോടെ അധ്യാപകർക്ക് സന്തോഷമടക്കാനായില്ല. അധ്യാപകരുടെയും ലീനയുടെയും കൂടിക്കാഴ്ച ക്യാന്പിലുള്ളവർക്കും ആനന്ദക്കണ്ണീർ സമ്മാനിച്ചു.
ആലപ്പാട് വർഗീസ്-ഷൈനി ദന്പതികളുടെ മകളാണ് ലീന. പ്രളയം സർവനാശം വിതച്ചതോടെ ലീനയും മാതാപിതാക്കളും എടത്വായിലെ വീട്ടിൽ കുടങ്ങി. വെള്ളം ഉയർന്നു പൊങ്ങിയതിനാൽ ഇവർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി.
ഇതിനിടെ സ്ഥലത്ത് രക്ഷാബോട്ട് എത്തിയതോടെയാണ് പെണ്‍കുട്ടി മാതാപിതാക്കളുടെ കണ്മുന്നിൽ നിന്നകന്നത്. അയൽവാസികളായ ജോയി-ലീലാമ്മ ദന്പതികൾക്കൊപ്പം ലീനയെ മാതാപിതാക്കൾ നിർബന്ധിച്ച് ബോട്ടിൽ കയറ്റിവിട്ടു. വീട്ടിൽ താറാവുകൾ ഉൾപ്പടെയുള്ള വളർത്തു മൃഗങ്ങൾ ഉണ്ടായിരുന്നതിനാൽ മാതാപിതാക്കൾ വീട്ടിൽ തുടരുകയും ചെയ്തു.
ബോട്ടിൽ രക്ഷപെട്ട് കടുവാക്കുളത്ത് ക്യാന്പിൽ എത്തി രണ്ടു ദിവസം പിന്നിട്ടിട്ടും ലീനയ്ക്ക് മാതാപിതാക്കളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ പെണ്‍കുട്ടി വിഷമത്തിലായി. മാതാപിതാക്കൾ സുരക്ഷിതരായിരിക്കണേ എന്ന പ്രാർഥനയിൽ ലീന കഴിയുന്നതിനിടെയാണ് വാർത്ത ദീപിക ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്.
പിന്നാലെ പോലീസും സന്നദ്ധപ്രവർത്തകരും ഇടപെട്ടു. ഫോണിൽ മാതാപിതാക്കളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഇവർ സുരക്ഷിതമായി മരിയാപുരം കോയിൽമുക്കിലെ ഒരു വീട്ടിലുണ്ടെന്ന വിവരം ലഭിച്ചു. ഇതോടെയാണ് ലീനയ്ക്ക് ശ്വാസം വീണത്.
ലീന ഒറ്റപ്പെട്ട വിവരം അറിഞ്ഞെത്തിയ ബന്ധുക്കളായ തോമസും സൂസമ്മയും പെൺകുട്ടിയെ നിരണത്തെ മാതൃഭവനത്തിൽ എത്തിച്ചു. ലീനയുടെ സഹോദരൻ ലിന്റോയും ഇവിടെ സുരക്ഷിതമായിട്ടുണ്ട്.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീ. എസ്ഐ ടി.ജെ.ബിനോയും സംഘവും രാവിലെ ലീനയെ കാണാനും വിവരങ്ങൾ ചോദിച്ചറിയാനും ദുരിതാശ്വാസ ക്യാന്പിൽ എത്തിയിരുന്നു. ഇവരുടെ കൂടി സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടത്.
ക്യാന്പ് പ്രവർത്തിക്കുന്ന കടുവാക്കുളം എമ്മാവൂസ് സ്കൂളിന്റെ പ്രധാന അധ്യാപകനായ ഫാ.ആൻജോ കാരപ്പിള്ളിൽ, എംസിബിഎസ് കൗണ്‍സിലർ ഫാ.ജോണി മഠത്തിപ്പറന്പിൽ, പഞ്ചായത്ത് അംഗം ആനി മാമൻ തുടങ്ങിയവരാണ് ലീനയ്ക്ക് വേണ്ട സഹായങ്ങൾ എല്ലാം ഒരുക്കിയത്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി അർപ്പിച്ചാണ് ലീന ക്യാന്പ് വിട്ടുപോയത്.