കെ.ഷിന്റുലാല്‍
കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിയായ ബ്യൂട്ടീഷന് എസ്ഐയുടെ വക സാമ്പത്തിക സഹായം! കാറില്‍ കടത്തുകയായിരുന്ന 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43)യ്ക്കാണ് കോഴിക്കോട് സിറ്റി പോലീസിലെ എസ്ഐ 500 രൂപ സഹായ ധനം നല്‍കിയത്. പ്രതി ശരീരത്തില്‍ ഒളിപ്പിച്ചു വച്ച പണം വനിതാ പോലീസ് കണ്ടെത്തിയതോടെയാണ് എസ്ഐയുടെ പങ്ക് വ്യക്തമായത്.
കഞ്ചാവ് കടത്തുന്പോൾ
ഇക്കഴിഞ്ഞ 18 നാണ് സംഭവം. കഞ്ചാവ് കടത്തുകയായിരുന്ന ലീനയെയും സുഹൃത്ത് പട്ടാമ്പി സ്വദേശി സനലിനെയും കഴിഞ്ഞ മാസം 30നാണ് നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡെന്‍സാഫ്) കുന്നമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത്.
തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസെടുക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ലീനയ്്ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
കുന്നമംഗലം പോലീസ് ലീനയെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ചോദ്യം ചെയ്യലിനു ശേഷം രാത്രിയില്‍ വനിതാ പോലീസ് സ്റ്റേഷനിലെത്തിക്കണമെന്നാണ് ചട്ടം. ഇപ്രകാരം ലീനയെ കുന്നമംഗലം പോലീസ് കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനില്‍ രാത്രിയില്‍ എത്തിച്ചു. പ്രതികളെ ലോക്കപ്പിലിടുന്നതിനു മുന്നോടിയായി വനിതാ പോലീസുകാര്‍ ദേഹപരിശോധന നടത്തും.
‘സംഭാവന!’
ഇത്തരത്തില്‍ ദേഹപരിശോധന നടത്തുന്നതിനിടെയാണ് 500 രൂപയുടെ കറന്‍സി പോലീസിനു ലഭിച്ചത്. ജയിലില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്കു പണം എവിടെനിന്നു ലഭിച്ചുവെന്നായി വനിതാ പോലീസുകാര്‍. ലീനയുമായെത്തിയ വനിതാ പോലീസുകാരിയോടും പോലീസ് ഡ്രൈവറോടും വനിതാ പോലീസുകാര്‍ ഇക്കാര്യം അറിയിച്ചപ്പോഴും എസ്ഐയുടെ ‘സംഭാവന’യാണെന്ന് വ്യക്തമായി.
ലീനയും എസ്ഐ നല്‍കിയതാണെന്ന് വെളിപ്പെടുത്തി.ജയിലില്‍ നിന്നിറങ്ങിയശേഷം തിരിച്ചു നല്കിയാല് മതിയെന്നും എസ്ഐ പറഞ്ഞിരുന്നതായി ലീന വനിതാ പോലീസിനു മൊഴി നല്കി. തുടര്‍ന്ന് ഇക്കാര്യങ്ങളെല്ലാം വനിതാ പോലീസ് സ്റ്റേഷനില്‍ റിക്കാര്‍ഡായി രേഖപ്പെടുത്തി.
സംഭവം സ്പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തതോടെ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി്.ജോര്‍ജ് അന്വേഷിക്കാന്‍ ഉത്തരവിട്ടു.മെഡിക്കല്‍ കോളജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശനെയാണ് ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കുന്നമംഗലം പോലീസ് സ്റ്റേഷനിലുള്ളവരില്നിന്നും വനിതാ പോലീസുകാരില്‍ നിന്നും അസി.കമ്മീഷണര്‍ മൊഴിയെടുത്തു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് അസി.കമ്മീഷണര്‍ ‘രാഷ്ട്രദീപിക’യോട്ുപറഞ്ഞു. എസ്ഐക്കെതിരേ ഇതിനു മുമ്പ് പരാതികളുണ്ടായിരുന്നതായി സ്പെഷല്‍ ബ്രാഞ്ചും അറിയിച്ചു. നേരത്തെ സസ്പഷനും നേരിട്ടിരുന്നു.
ലീനയ്ക്കു പിന്നില്‍ വന്‍ സ്രാവുകള്‍
ലീനയുടെ ഫോണ്‍ കോള്‍ പരിശോധനയില്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ പ്രധാന ലഹരിമരുന്നു ഇടപാടുകാരും കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരികളുമായും ലീനയ്ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ലീനയും സുഹൃത്ത് സനിലും ചേര്‍ന്നു രണ്ടു മാസത്തിനിടെ കോഴിക്കോട്, വയനാട് ജില്ലകളിലായി 90 കിലോഗ്രാം കഞ്ചാവ് വിതരണം ചെയ്തിരുന്നതായാണ് വിവരം. പിടിയിലാവുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ചേവരമ്പലത്തു വാടകവീടെടുത്തു താമസിക്കുകയായിരുന്നു ഇരുവരും.
തൃശൂരില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് ഇവിടെ സൂക്ഷിച്ച ശേഷം വയനാട്, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലെത്തിക്കുകയായിരുന്നു പതിവ്. നേരത്തേ രണ്ടു തവണയായി 70 കിലോ കഞ്ചാവ് ഇരുവരും ചേര്‍ന്നു ജില്ലയിലെത്തിച്ചിട്ടുണ്ട് .
തൃശൂരില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ലീന അവിടെവച്ചാണ് ബേക്കറി ജീവനക്കാരനായ സനിലിനെ പരിചയപ്പെടുത്തുന്നത്. ലോക്ഡൗണില്‍ ഇരുവരുടെയും സ്ഥാപനങ്ങള്‍ അടച്ചതോടെയാണ് കഞ്ചാവ് കടത്തിലേക്കു തിരിഞ്ഞതെന്നാണ് പറയുന്നത്.