കൊച്ചി: അധോലോക നായകന് രവി പൂജാരിയില്‍ നിന്നു രക്ഷപ്പെടാന്‍ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുടമ ലീന മരിയ പോള്‍ പയറ്റിയത് പലവിധ തന്ത്രങ്ങള്‍. പല പ്രാവശ്യം മൊബൈല്‍ നമ്പര്‍ മാറ്റിയിട്ടും കാര്യമുണ്ടായില്ല. പൂജാരിയുടെ വിളി സ്ഥാപനത്തിലെ ഫോണ്‍ നമ്പരുകളിലേക്ക് എത്തി. ഇതോടെ ഓഫീസ് ജീവനക്കാരിയെന്ന മട്ടില്‍ സംസാരിച്ചും ഒഴിഞ്ഞു മാറിയപ്പോഴാണു ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.
പൂജാരിയുടെ ഫോണ്‍കോള്‍ ശബ്ദരേഖ ഇപ്പോള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 25കോടി രൂപ വേണമെന്ന ആവശ്യം കടുപ്പിച്ചതോടെയാണ് ലീന ഫോണ്‍ നമ്പര്‍ മാറ്റിയത് അതോടെ ഫോണ്‍വിളികള്‍ നെയില്‍ ആര്‍ടിസ്ട്രിയെന്ന പാര്‍ലറിലെ ഫോണുകളിലേക്ക് എത്തുകയായിരുന്നു. ലീന മരിയയെ അന്വേഷിച്ച് പൂജാരി വിളിച്ചപ്പോള്‍ ലീനയുടെ മാനേജര്‍ ആണെന്നും അഞ്ജലി മേത്ത എന്നാണ് തന്റെ പേരെന്നും പറഞ്ഞായിരുന്നു ലീന സംസാരിച്ചത്. ലീന മരിയ പോള്‍ ദുബായില്‍ പോയിരിക്കുകയാണെന്നും ദുബായിലെ നമ്പര്‍ അറിയില്ലെന്നും വരെ ലീന നമ്പരിറക്കി.
ഫോണില്‍ റെക്കോര്‍ഡര്‍ ഇല്ലാത്തതിനാല്‍ താന്‍ നേരിട്ടു സംസാരിച്ച ആദ്യ വിളികള്‍ റെക്കോര്‍ഡ് ചെയ്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ലീന മരിയ പോളിന്റെ മൊഴി. മാത്രവുമല്ല വിളിക്കുന്നത് രവി പൂജാരി തന്നെയാണെന്നു വിശ്വസിക്കാന്‍ അന്ന് മറ്റ് തെളിവൊന്നും ഉണ്ടായില്ല. ഇങ്ങനെയെല്ലാം ഒഴിഞ്ഞു മാറിയതിനു പിന്നാലെയാണ് ഡിസംബര്‍ 15ന്റെ ആക്രമണം. വെടിയുതിര്‍ത്തവര്‍ മടങ്ങുമ്പോള്‍ പൂജാരിയുടെ പേരെഴുതിയ തുണ്ടുകടലാസ് അക്രമികള്‍ സ്ഥലത്ത് ഉപേക്ഷിച്ചതാണ് പ്രധാന സൂചനയായത്. വെടിവച്ചവരെ കൂടാതെ കൊച്ചിയില്‍ സൗകര്യമൊരുക്കിയ പ്രധാനിയും അടക്കം മൂന്നുപേരാണ് സംഭവം നടന്നു നാലുമാസം അടുക്കുമ്പോള്‍ പിടിയിലായിരിക്കുന്നത്.