കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനുനേരെ വെടിവയ്പ് നടന്നിട്ട് ഇന്ന് ഒരു മാസം. വിവിധ തലത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു അന്വേഷണസംഘം വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട ചില ദുരൂഹതകൾ മാറ്റുന്നതിനും തുടർ അന്വേഷണങ്ങൾക്കുമായി ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീന മരിയ പോളിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണു പോലീസ്. ഇതിനായി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും നടി എത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. വിവിധ കാരണങ്ങളാൽ ഒഴിഞ്ഞുമാറിയ ഇവർ വരും ദിവസങ്ങളിൽതന്നെ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.
കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് പനന്പള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. പ്രാദേശിക ഗുണ്ടാസംഘത്തിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല.
മുംബൈ അധോലോക നായകൻ രവി പൂജാരിക്കു പങ്കുള്ളതായി സംശയത്തെത്തുടർന്ന് ഇതുൾപ്പെടെ അന്വേഷണ വിധേയമാക്കിയ പോലീസ് നടിയുടെ മൊഴി പൂർണമായും മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇതിനിടെ, 25 കോടിരൂപ നൽകി സംഭവം ഒതുക്കിതീർക്കാൻ നടിയുടെ ഭാഗത്തുനിന്നു ശ്രമങ്ങൾ നടക്കുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.