സൂര്യനാരായണൻ
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോളിനെ ആക്രമിച്ചത് കൊച്ചിയിലെ ക്രിമിനൽ സംഘമാണോയെന്നതു സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. ലീനമരിയ പോളിന്റെ കൈയിൽ നിന്നും പണം തട്ടാനുള്ള ലോക്കൽ ക്രിമിനലുകളുടെ ലക്ഷ്യമാണോ എന്ന സംശയമാണ് പോലീസിനുള്ളത്.
പല തട്ടിപ്പുകേസുകളിലും പ്രതിയായ ലീനമരിയ പോളിന്റെ കൈയിൽ കോടികളുടെ ആസ്തിയുണ്ടെന്ന വിവരം ക്രിമിനലുകൾ വച്ചു പുലർത്തുന്നു. ലോക്കൽ ക്രിമിനലുകളുടെ സഹായത്തോടെ പണം തട്ടാനുള്ള മറ്റുള്ളവരുടെ നീക്കവും പോലീസ് നിരീക്ഷിക്കുന്നു.
ലീനയുടെ കൂട്ടാളി അകത്തായതും സഹായിക്കാൻ ആളുകളുടെ കുറവും ക്രിമിനൽ സംഘങ്ങളുടെ പിന്നിലുണ്ട്. രവി പൂജാരി പോലുള്ള അധോലോകസംഘത്തലവന്റെ പേരിൽ വന്ന ഫോണ് കോളുകളിലെ ശബ്ദരേഖയും പോലീസ് പരിശോധിക്കും. തട്ടിപ്പുകേസിൽ ഡൽഹിയിൽ അറസ്റ്റിലായ സുകേഷുമായിട്ടുള്ള ബന്ധം ഭീഷണിക്കു പിന്നിലുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
വിവാഹിതരല്ലെങ്കിലും തന്റെ കൂട്ടാളി സുകേഷ് ഭർത്താവിനെ പോലെയാണെന്ന് ലീന പോലീസിനോടു പറഞ്ഞതായിട്ടാണ് അറിയുന്നത്. ഇയാൾ ജയിലാണ്. ഇയാളുടെ സന്പാദ്യമെല്ലാം ലീനയുടെ കൈയിലാണെന്നസംശയമാണ് ഭീഷണിക്കു പിന്നിലെന്നു സംശയമുണ്ട്. ഏതായാലും നടി ലീനമരിയ പോൾ പറയുന്നതെല്ലാം പോലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് അധികം താമസിക്കാതെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.
ഇതിനിടയിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ലീന നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേരളത്തിൽ ലീനയ്ക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ ദിവസം കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേസുകൾ സംബന്ധിച്ച വിവരങ്ങൾ ഇന്നു കോടതിക്ക് കൈമാറും. ജീവനു ഭീഷണിയുണ്ടെന്നാണ് ലീന പോലീസിനോടും ഹൈക്കോടതിയോടും പറയുന്നത്. ഇതും തള്ളിക്കളയാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസ്. കോടതിയുടെ നിർദേശപ്രകാരം മുന്നോട്ട് പോകാനാണ് തീരുമാനം.