കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ ഉടമയും നടിയുമായ ലീന മരിയ പോളിന്റെ രണ്ടാമത്തെ മൊഴിയും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു. തുടർ നടപടികൾ മൊഴി പരിശോധയ്ക്കുശേഷംമാത്രമേ തീരുമാനിക്കൂവെന്നും നടിയുടെ രണ്ടു മൊഴികളും വിശദമായ പരിശോധന ആവശ്യമാണെന്നും അന്വേഷണ സംഘം പറഞ്ഞു.
ആദ്യ മൊഴിയെടുപ്പിലെ സംശയങ്ങളും ദുരൂഹതകളും പരിഹരിക്കുന്നതിനാണു രണ്ടാമതും മൊഴിയെടുത്തത്. ചില കാര്യങ്ങളിൽ വ്യക്തവരുത്തിയെങ്കിലും മറ്റ് ചില കാര്യങ്ങളിൽ ഇപ്പോഴും സംശയം ബാക്കിനിൽക്കുകയാണെന്നാണു ലഭിക്കുന്ന വിവരം. ബ്യൂട്ടി പാർലറിനുനേരെ വെടിവയ്പ്പുണ്ടായി ഒരു മാസം പിന്നിട്ടശേഷമാണ് രണ്ടാമതും മൊഴിയെടുക്കാൻ പോലീസിനു സാധിച്ചത്.
മണിക്കൂറുകൾ നീണ്ടുനിന്ന ആദ്യ മൊഴിയെടുക്കലിൽ കൂടുതൽ പരിശോധന നടത്തിയ പോലീസ് രണ്ടാമത് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പലകുറി നടി ഒഴിഞ്ഞുമാറുകയാണുണ്ടായത്. പിന്നീട് ഞായറാഴ്ച അഭിഭാഷക സാന്നിധ്യത്തിൽ ലീനയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയ്ക്ക് ആരംഭിച്ച മൊഴിയെടുക്കൽ ഒന്നരമണിക്കൂറോളം നീണ്ടു.
വെടിവയ്പിനു പിന്നിൽ മുംബൈ അധോലോക നായകൻ രവി പൂജാരിക്കു പങ്കുള്ളതായി സംശയിക്കുന്നതായും 25 കോടി രൂപ ആവശ്യപ്പെട്ടു തനിക്കു ഭീഷണി സന്ദേശങ്ങളുണ്ടായിരുന്നതായും നടി ആവർത്തിച്ചു. ഈ ദിവസങ്ങളിലും രവി തന്നെ ഫോണിൽ വിളിച്ചിരുന്നതായും ലീന മൊഴി നൽകി.
കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണു പനന്പിള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചാണു പ്രതികളെത്തിയിരുന്നത്. പ്രാദേശിക ഗുണ്ടാസംഘത്തിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല.
മുംബൈ അധോലോക നായകൻ രവി പൂജാരിക്കു പങ്കുള്ളതായ സംശയത്തെത്തുടർന്ന് ഇതുൾപ്പെടെ അന്വേഷണ വിധേയമാക്കുന്നുണ്ട്. രണ്ടാമത് മൊഴി വിശദമായി പരിശോധിച്ചശേഷമാത്രമേ മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.