സൂര്യനാരായണൻ
കൊച്ചി: നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയതിനുപിന്നിൽ ലോക്കൽ ക്രിമിനലുകളുടെ പിന്തുണയോടെ അധോലോക നേതാവ് രവി പൂജാരിയെന്നു പോലീസ് സ്ഥിരീകരിച്ചതോടെ നടിയോട് 25 കോടി ചോദിക്കാനുള്ള കാരണം തേടുകയാണ് പോലീസ്. രവി പൂജാരിയും നടി ലീന മരിയ പോളും തമ്മിലുള്ള ബന്ധം എന്താണ്. ഈ രഹസ്യം പോലീസിനറിയണം.
അതിനു നടിയെ ചോദ്യം ചെയ്യാതെ രക്ഷയില്ല. നടിയെ പോലീസ് ചോദ്യം ചെയ്യും. 25 കോടി ആവശ്യപ്പെട്ടാണ് ലീനയ്ക്കു ഫോണ്വിളികൾ വന്നിട്ടുള്ളത്. മൊഴികളിൽ വ്യക്തത വരുത്താനും മുൻകാല കേസുകളെക്കുറിച്ചുകൂടുതൽ അറിയാനും ഇവരെ വീണ്ടും വിളിച്ചുവരുത്തും. ഇതുകൂടി കഴിഞ്ഞാലെ കേസിനെക്കുറിച്ച് വ്യക്തത വരൂവെന്നു പോലീസ് വ്യക്തമാക്കുന്നു.
കടുത്ത ശ്വാസംമുട്ടലിന് അജ്ഞാതകേന്ദ്രത്തിൽ ചികിത്സയിലാണ് നടി. രവി പൂജാരിയുമായി ബന്ധപ്പെട്ട് കർണാടക പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരിൽ ചിലരാണു രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. രവി പൂജാരിയുടേതാണു ഭീഷണി ശബ്ദമെങ്കിൽ കേസ് ഗൗരവമുള്ളതാകും.
25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബർ മുതൽ തനിക്കു ഭീഷണി ഫോണ് കോളുകൾ വരുന്നതായി ലീന മരിയ പോൾ പറഞ്ഞിരുന്നു. ഇത്രയും ഭീമമായ തുക ലീന മരിയ പോളിൽ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ രഹസ്യമാണു പോലീസിനെ പ്രതിസന്ധിയിലാക്കുന്നത്. ഏറെ ദുരൂഹതകളുള്ള ലീനയുടെ ഇടപാടുകളും പോലീസ് അന്വേഷിക്കും. ലീനയുടെ കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനെയാണ് പൂജാരി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. തീഹാർ ജയിലിലും സുകേഷ് ബാഹ്യഇടപെടലുകൾ നടത്തുന്നതിന്റെ സൂചനയാണ് ഇത്.
ഈ സാഹചര്യത്തിലാണ് ലീനയിൽ നിന്നു പോലീസ് വീണ്ടും മൊഴിയെടുക്കുന്നത്. നടി സഹകരിച്ചാൽ മാത്രമേ ഈ കേസ് തെളിയിക്കാൻ സാധിക്കുകയുള്ളൂ. രവി പൂജാരിയുടെ 40 അനുയായികളുടെ പട്ടിക പോലീസ് തയാറാക്കിയിട്ടുണ്ട്. ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്താൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
സീപോർട്ട് എയർപോർട്ട് റോഡിലൂടെയാണ് വെടി വെച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞതെന്ന് പോലീസ് കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രതികളെ കണ്ടെത്താനായുള്ള പോലീസ് അന്വേഷണം തുടരുകയാണ്. നടി ലീന മരിയ പോളിനു ലഭിച്ച ഭീഷണി സന്ദേശം രവി പൂജാരിയുടേതാണെന്നു കണ്ടെത്തി. ഇതോടെ കൊച്ചിയിലും പൂജാരിയുടെ ക്രിമിനൽസംഘമുണ്ടെന്നു വ്യക്തമാകുകയാണ്. ഇത് കേരളത്തിൽ അധോലോകം വേരുറപ്പിക്കുന്നതിന്റെ സൂചനയാണ്.