കൊച്ചി: കൊച്ചിയിൽ ബ്യൂട്ടി പാർലറിനു നേരെ പട്ടാപ്പകൽ വെടിവയ്പ് നടത്തിയ സംഭവത്തിൽ ബ്യൂട്ടിപാർലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോൾ പോലീസിനു മൊഴി നൽകി. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു മൊഴി നൽകൽ. തിങ്കളാഴ്ച വൈകിട്ടോടെ കൊച്ചിയിൽ എത്തിയ നടി അന്വേഷണ സംഘത്തിനു മുന്പാകെ ഹാജരാകുകയായിരുന്നെന്നാണു റിപ്പോർട്ട്.
അധോലോക കുറ്റവാളി രവി പൂജാരിക്ക് വെടിവയ്പിൽ പങ്കുണ്ടെന്ന വാദം നടി അന്വേഷണ സംഘത്തോട് ആവർത്തിച്ചു. കൂടാതെ, ഭീഷണിയുള്ളതിനാൽ പോലീസ് സംരക്ഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. നേരത്തെ രവി പൂജാരിയുടെ പേരിൽ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയും 25 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫോണിൽ വിളിച്ചത് രവി പൂജാരിയാണെന്ന് ഉറപ്പില്ലെന്നും പൂജാരിയെ നേരിട്ട് അറിയില്ലെന്നും ലീന കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞു.
കേസിൽ ഇതുവരെ കാര്യമായ തെളിവുകൾ കണ്ടെത്താൻ പോലീസിനു സാധിച്ചിട്ടില്ല. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചത് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നതിനാണോയെന്നും പോലീസ് സംശയിക്കുന്നു.
പനന്പിള്ളിനഗർ യുവജനസമാജം റോഡിൽ സ്ഥിതിചെയ്യുന്ന ദി നെയിൽ ആർട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാർലറിലെത്തിയാണ് രണ്ടംഗസംഘം കഴിഞ്ഞ ദിവസം വെടിവയ്പ് നടത്തിയത്. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല.
യമഹ ബൈക്കിലാണു യുവാക്കളായ അക്രമികൾ എത്തിയത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചു തൂവാല കൊണ്ടു മുഖം മറച്ചെത്തിയ ഇവർ ഒന്നാംനിലയിലുള്ള ബ്യൂട്ടിപാർലറിലേക്കു കയറുന്ന പടിയുടെ സമീപമെത്തി ഭിത്തിയിലേക്കു വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനുനേരേ അക്രമികളിലൊരാൾ മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരെഴുതിയ കടലാസ് വലിച്ചെറിഞ്ഞു. തുടർന്നു സെക്യൂരിറ്റി ജീവനക്കാരനുനേരേ തോക്ക് ചൂണ്ടിയശേഷം പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു.
അക്രമിസംഘം വരുന്നതും തിരികെ പോകുന്നതും രണ്ടുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന, നടൻ ധർമജന്റെ ഉടമസ്ഥതയിലുള്ള വ്യാപാരശാലയായ ധർമ്മൂസ് ഫിഷ് ഹബ്ബിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രഹരശേഷി കുറഞ്ഞ തോക്കോ എയർപിസ്റ്റളോ ആണ് അക്രമികൾ ഉപയോഗിച്ചതെന്നാണു വിവരം.
2013-ൽ കാനറാ ബാങ്കിന്റെ ചെന്നൈ ശാഖയിൽനിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിൽ 2015 ൽ ലീന അറസ്റ്റിലായിരുന്നു. ചെന്നൈ അണ്ണാ നഗറിലെ വ്യവസായ സ്ഥാപനത്തിന്റെ പേരിൽ സുഹൃത്തുമായി ചേർന്നാണു തട്ടിപ്പു നടത്തിയത്. തെക്കൻ ഡൽഹിയിലെ ഫത്തേപ്പുർ ബേരിയിൽ നാലു ലക്ഷം രൂപ പ്രതിമാസം വാടകയുള്ള ഫാംഹൗസിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു, ഓഡി, ലാൻഡ് ക്രൂയിസർ തുടങ്ങി ഒൻപത് ആഡംബര കാറുകൾ ഇവരിൽനിന്ന് അന്നു പോലീസ് പിടിച്ചെടുത്തിരുന്നു.