കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ മാധ്യമങ്ങള്ക്കെതിരേ നടി ലീന മരിയ പോള്‍. സത്യം പുറത്തുകൊണ്ടുവരുന്നതിന് പകരം തന്റെ വ്യക്തിജീവിതം ചികയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. തന്റെ ആരോഗ്യത്തിലും വ്യക്തിജീവിതത്തിലും കേന്ദ്രീകരിച്ച് ശ്രദ്ധ വഴിതിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ക്ക് തിടുക്കം. തന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറുമായുളള ദാമ്പത്യബന്ധം ഉള്‍പ്പെടെയുളള വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാധ്യമങ്ങള്‍ കണ്ണോടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ഇംഗ്ലീഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ് നടത്തിയ ആ രണ്ടുപേര്‍ ഇപ്പോള്‍ എവിടെയാണ് എന്ന് ലീന മരിയ പോള്‍ ചോദിച്ചു. അവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പോയി സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പകരം തന്റെ ജീവിതം വര്‍ണിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥ പ്രതികള്‍ക്ക് സുരക്ഷിതമായി ഒളിച്ചുതാമസിക്കാനുളള അവസരം ഒരുക്കുകയാണെന്നും അവര്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രവി പൂജാരി എന്ന പേരില്‍ തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടക്കത്തില്‍ താന്‍ ഇത് അവഗണിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി കോളുകള്‍ എത്തിയതോടെ നിയമോപദേശം തേടുകയും കോളുകള്‍ റെക്കോഡ് ചെയ്യുകയും ചെയ്തതായി ലീന പറഞ്ഞു. തുടര്‍ന്ന് ഭീഷണി സന്ദേശങ്ങളെ കുറിച്ച് അന്വേഷിച്ച് പൊലീസ് തന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അവരുടേതായ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം അറിഞ്ഞത് എന്നാണ് താന്‍ ധരിച്ചിരുന്നതെന്നും ലീന മരിയ പോള്‍ പറഞ്ഞു.