കൊച്ചി: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്ത കേസിൽ ലക്ഷങ്ങളുടെ ക്വട്ടേഷൻ. പക്ഷേ, പ്രതികൾക്കു ലഭിച്ചതു വെറും 30,000 രൂപ മാത്രം. പ്രതികളെയും മുംബൈ അധോലോക നായകൻ രവിപൂജാരി കബളിപ്പിച്ചു.
പ്രധാന ക്വട്ടേഷൻ സംഘം കാസർഗോഡുള്ളവരായിരുന്നു. ഇവരിൽ നിന്നുമാണ് ആലുവ സ്വദേശികളിലേക്കു ക്വട്ടേഷൻ വന്നത്. ഇവർ പെരുന്പാവൂർ സംഘത്തിലെ അംഗങ്ങളാണ്. നിരവധി ക്രിമിനൽ കേസുകളിൽ കേരള പോലീസിനെ വട്ടംകറക്കുന്ന സംഘമാണ് പെരുന്പാവൂർ ക്രിമിനൽ സംഘം. ഇവർ ഏതു കേസും ക്വട്ടേഷൻ എടുക്കുന്നവരാണ്. ഇതോടെ കൊച്ചിയിൽ വീണ്ടും ക്രിമിനലുകൾ താവളമാക്കുകയാണെന്ന ഭീതി നിറയുന്നു.
നടിയ്ക്കെതിരേയോ സ്ഥാപനത്തിനെതിരേയോ വെടിയുയർത്ത് പേടിപ്പിക്കണമെന്നായിരുന്നു ഇവർക്കു ലഭിച്ച നിർദേശം. അതിനായി ലക്ഷങ്ങളാണ് ഓഫർ ചെയ്തത്. എന്നാൽ, കിട്ടിയതു വെറും 30,000 രൂപ മാത്രമാണെന്നു അറസ്റ്റിലായവർ വെളിപ്പെടുത്തിയതായാണ് സൂചന. ഇനി പിടികൂടാനുള്ളവരെ കിട്ടിയാൽ മാത്രമേ യഥാർഥ തുക വ്യക്തമാകുകയുള്ളൂ. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. വീതം വച്ചപ്പോൾ കുറഞ്ഞതായിരിക്കാമെന്ന സംശയമുണ്ട്.
എറണാകുളം ആലുവ സ്വദേശികളായ ബിലാൽ, വിപിൻ എന്നിവരാണ് പിടിയിലായത്. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസർഗോഡ് സംഘമാണ് ഇവരെ ക്വട്ടേഷൻ ഏൽപ്പിച്ചതെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടർക്കും ആസൂത്രണത്തിൽ പങ്കുണ്ടെന്ന് ക്രൈബ്രാഞ്ച് പറയുന്നു. പിടിയിലായവരിൽ നിന്ന് ക്യത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇന്നു വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ഡിസംബർ 15 നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി മലയാളത്തിലെ ഒരു സ്വകാര്യ ചാനലിനെ വിളിച്ചിരുന്നു. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ അറസ്റ്റിലായ രണ്ടു പേർക്കും പെരുന്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാസർഗോഡുള്ള ഗുണ്ടാസംഘം വഴിയാണ് രവി പൂജാരിയുടെ ആളുകൾ ഇവരെ ബന്ധപ്പെട്ടത്. ഇതു സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഗൂഢാലോചന, ആയുധം കാണിച്ചു ഭീഷണിപ്പെടുത്തൽ, വധഭീഷണി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ആയുധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണു കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. കാസർഗോഡ് സമാനമായ രീതിയിൽ കരാറുകാരന്റെ വീടിനു നേരെ വെടിയുതിർത്തു പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസുമായി ബ്യൂട്ടി പാർലർ വെടിവയ്പിനു സമാനതകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കർണാടകയിൽ ജനിച്ച രവി മുംബൈയിലെ അധോലോക നേതാവ് ഛോട്ടാ രാജന്റ സന്തതസഹചാരിയായിരുന്നു. സിനിമാ താരം ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്പ്പിലൂടെയാണ് കുപ്രസിദ്ധ അധോലോക നായകൻ രവി പൂജാരി വീണ്ടും വാർത്തകളിൽ നിറയുന്നത്. കർണാടകയിലെ ഉടുപ്പിയാണ് രവി പൂജാരിയെുട ജനനസ്ഥലം. ചെറുപ്പത്തിൽ തന്നെ പഠനം ഉപേക്ഷിച്ച രവി ജോലി തേടി മുംബൈയിലെത്തി.
അധോലോക രാജാക്കന്മാരുടെ വിളനിലമായിരുന്ന മുംബൈയിലെ അന്ധേരിയാണ് രവി പൂജാരിയിലെ കൊടും കുറ്റവാളി പുറത്തുവരുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിലെ ഏഴ് വർഷക്കാലം രവി പൂജാരിയെ ലോകം അറിഞ്ഞില്ല. അന്ധേരി തെരുവിലെ നൂറുകണക്കിന് കുറ്റവാളികളിൽ ഒരാൾ മാത്രമായിരുന്നു അയാൾ. തുടർന്ന് തന്റെ ശത്രുവായിരുന്ന ബാല സാൾത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണ് രവി കുപ്രസിദ്ധനായത്.