സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് സ്കൂള്‍-കോളജുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ഇതരസംസ്ഥാനങ്ങളില്‍നിന്നു വന്‍ ലഹരിക്കടത്ത്.
ബംഗളൂരു, ഗോവ, തേനി എന്നിവിടങ്ങളില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവും സിന്തറ്റിക് മയക്കുമരുന്നുകളും എത്തിക്കുന്നത്.
പോലീസും എക്സൈസും പിടികൂടുന്നതിന്റെ ഇരട്ടിയോളം ലഹരി വസ്തുക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ദിനംപ്രതി എത്തുന്നുണ്ടെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാന്‍ യുവതികളെയാണ് മയക്കുമരുന്ന് കടത്തിന് കൂടുതലായും ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
സംസ്ഥാനത്ത് അടുത്തിടെ പിടികൂടിയ മിക്ക ലഹരി കേസുകള്‍ക്കു പിന്നിലും യുവതികളുടെ പങ്കുണ്ടായിരുന്നു.
അതേസമയം,കുടുംബമെന്ന വ്യാജേന എത്തുന്ന ലഹരി സംഘത്തെ കണ്ടെത്തി പരിശോധിക്കുകയെന്നത് അന്വേഷണസംഘത്തിനു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
കപ്പിള്‍ ട്രിപ്പ് !
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നു ലഹരി വസ്തുക്കളുമായി എത്തുന്നവര്‍ പിടിയിലായതിനു പിന്നാലെയാണ് കാരിയര്‍മാരായി യുവതികളെ ഉള്‍പ്പെടുത്താന്‍ ലഹരിക്കടത്ത് സംഘം പദ്ധതിയിട്ടത്.
ഒരിക്കലും സംശയിക്കാത്ത രീതിയില്‍ ഭാര്യാഭര്ത്താക്കന്മാരെ പോലെയാണ് കാരിയര്‍മാരുടെ യാത്ര. ഇതിനായി കാറും മറ്റു സൗകര്യങ്ങളും ലഹരിക്കടത്ത് സംഘം നല്‍കും.
ബംഗളൂരു, തേനി, ഗോവ എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ മയക്കുമരുന്നുകള്‍ കൊണ്ടുവരുന്നത്. മയക്കുമരുന്ന് നേരിട്ട് വാങ്ങിയാല്‍ വിവരം ചോരുമെന്നതിനാല്‍ ഏജന്റുമാര്‍ വഴിയാണ് കാരിയര്‍മാര്‍ ഇവ സംഘടിപ്പിക്കുന്നത്.
തുടര്‍ന്നു ടാല്‍കം പൗഡറിന്റെ ബോട്ടിലിലും സൗന്ദര്യവര്‍ധക വസ്തുക്കളുടെ പാക്കറ്റുകളിലും ഇവ നിറയ്ക്കും. ഇതെല്ലാം കൈയിലുള്ള ബാഗിലും കാറിന്റെ സീറ്റിലും അലക്ഷ്യമായിടും.
വാഹന പരിശോധനയില്‍ യാതൊരു സംശയവും തോന്നിക്കാത്ത രീതിയിലാണ് ദമ്പതികളെന്ന വ്യാജേന കാരിയര്‍മാര്‍ പെരുമാറുന്നത്.
ഹണിമൂണ്‍ ട്രിപ്പിനായി പോയതാണെന്നും അവധി ആഘോഷിക്കാന്‍ പോയതാണെന്നും വ്യക്തമാക്കുന്നതോടെ വാഹനത്തിനുള്ളിലും കൈയിലുള്ള ബാഗും പരിശോധിക്കുന്നതില്‍നിന്നു പോലീസും എക്സൈസും ഒഴിവാക്കും.
ഈ ആനുകൂല്യം മുതലെടുത്താണ് ലഹരി സംഘം കപ്പിള്‍ ട്രിപ്പിനു സൗകര്യമൊരുക്കുന്നത്.
അടിവസ്ത്രത്തിലും നാപ്കിന് പാഡിലും വരെ മയക്കുമരുന്നുകള്‍ കടത്താറുണ്ടെന്ന് ആന്റി നാര്‍ക്കോര്‍ട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡെന്‍സാഫ്) വ്യക്തമാക്കി. യഥാര്‍ഥ ഭാര്യാ-ഭര്ത്താക്കന്മാരും ലഹരിക്കടത്ത് നടത്തുന്നുണ്ട്.
യുവതികളുടെ പട
ഷീന, ലീന, അമൃത, അനീഷ … മയക്കുമരുന്ന് കേസില്‍ അടുത്തിടെ പോലീസിന്റെയും എക്സൈസിന്റെയും പിടിയിലായവരില്‍ യുവതികളുടെ എണ്ണവും കൂടിവരികയാണ്.
കാരിയറായി പ്രവര്‍ത്തിക്കുന്നവരാണ് ഇതിലുള്ളവരെല്ലാം. കാക്കനാട് ലഹരി ക്കേസിലും കോഴിക്കോട് സ്വദേശിനിയായ ഷബ്ന മനോജും പിടിയിലായിരുന്നു.
രണ്ടു മാസം മുമ്പ് നഗരത്തിലെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടത്തുന്നതിനിടെയാണ് മലപ്പുറം സ്വദേശി ടി.പി.ജസീനയുള്പ്പെടെ എട്ടുപേരെ പിടികൂടിയത്.
ജസീനയായിരുന്നു ഓണ്‍ലൈന്‍ വഴി പാര്‍ട്ടിയിലേക്ക് യുവാക്കളെയും യുവതികളേയും സംഘടിപ്പിച്ചിരുന്നത്.
കാറില്‍ കടത്തുകയായിരുന്ന 18.7 കിലോ കഞ്ചാവുമായാണ് തൃശൂര്‍ മുല്ലശേരി സ്വദേശി ലീന (43) നെ ഡെന്‍സാഫ് പിടികൂടിയത്.
സുഹൃത്ത് സനിലും കാറിലുണ്ടായിരുന്നു. ഭാര്യാഭര്ത്താക്കന്മാരാണെന്നായിരുന്നു ഇരുവരും പറഞ്ഞത്.
എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ സുഹൃത്തുക്കളാണെന്നും പതിവായി ദമ്പതിമാരെന്ന രീതിയില്‍ ലഹരി കടത്തുന്നുണ്ടെന്നും ബോധ്യപ്പെട്ടു.
കാക്കനാട്ടെ ഫ്ളാറ്റില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോഗ്രാം എംഡിഎംഎയുമായി അഞ്ച് പേര് പിടിയിലായത്.
കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ഷബ്ന മനോജ്, ചെറുവണ്ണൂരിലെ മുഹമ്മദ് ഫവാസ്, കരുവന്തുരുത്തി ശ്രീമോന് എന്നിവരുള്‍പ്പെടെയാണ് പിടികൂടിയത്.
കഴിഞ്ഞാഴ്ചയാണ് മാരകമയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസിനെ എക്സൈസ് പിടികൂടിയത്.
ബംഗളൂരുവില്‍ നിന്നും മറ്റും സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നയാളാണ് അമൃതയെന്നാണ് എക്സൈസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് പോലീസ് അനീഷ(23), ഭര്‍ത്താവ് ഷംജാദ് എന്നിവരുള്‍പ്പെടെ മൂന്നു പേരെ കഞ്ചാവുമായി പിടികൂടിയത്.