തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവം ലീനയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള മകന്റെ ശ്രമമാണെന്ന് പോലീസ്.
അമ്മയ്ക്കു സീറ്റ് കിട്ടാൻവേണ്ടിയാണ് വീട് അടിച്ചുതകർത്തതെന്നു മകൻ മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. അതേസമയം തന്നെ പോലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നും കേസിൽ കുടുക്കിയതാണെന്നും പറഞ്ഞ് മകനും രംഗത്തെത്തി.
മുട്ടത്തറ പ്രദേശത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ലീനയ്ക്ക് അനുകൂലമാക്കി മാറ്റാനാണ് വീടിന്റെ ജനൽ ഗ്ലാസ് അടിച്ചു തകർത്ത ആക്രമണ പദ്ധതി താൻ തയാറാക്കിയതെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ മകൻ ലിഖിൽ കൃഷ്ണ(21) പോലീസിന് മൊഴി നൽകിയതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
ഈ കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും അമ്മ വിലക്കിയിരുന്നുവെന്നും അമ്മയുടെ വിലക്ക് ധിക്കരിച്ചാണ് താൻ ജനൽ ഗ്ലാസ് അടിച്ചു തകർത്തതെന്നുമാണ് ലിഖിൽ കൃഷ്ണ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
ബൈക്കിലെത്തിയ രണ്ട ു യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് ലീനയും സമീപവാസിയായ യുവാവും ആദ്യം പോലീസിനോട് വ്യക്തമാക്കിയിരുന്നത്.
എന്നാൽ സമീപവാസിയായ യുവാവ് ഈ മൊഴി പിന്നീട് മാറ്റുകയും ലീനയുടെ മകന്റെ പ്രേരണയാലാണ് താൻ ഇത്തരത്തിൽ പറഞ്ഞതെന്നും പോലീസിന് മൊഴി നൽകിയിരുന്നു. പുറത്ത് നിന്ന് ആരും അവിടെ എത്തിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ലീനയ്ക്ക് കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടുന്നതിനും പാർട്ടിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനും വരുന്ന തെര ഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുന്ന തിനും വേണ്ട ിയാണ് മകൻ ഇത്തരത്തിൽ ചെയ്തതെന്നാണ് പോലീസ് നിഗമനം.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എന്നാൽ പോലീസ് ഇക്കാര്യങ്ങളെല്ലാം നിർബന്ധിച്ച് പറയിക്കുകയായിരുന്നുവെന്നാണ് ജാമ്യത്തിൽ പുറത്തിറങ്ങിയ ലിഖിൽ കൃഷ്ണയുടെ വാദം.
ഇക്കാര്യം പുറത്ത് പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും ലീനയുടെ മകൻ ആരോപിക്കുന്നു. ലീനയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലിഖിൽ കൃഷ്ണ പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.