സെവിയ്യയില്നടന്ന ആദ്യമത്സരത്തില്‍ ലീസ്റ്റര്‍ 2-1ന് കീഴടങ്ങിയിരുന്നു. എന്നാല്‍ ജെയ്മി വാര്‍ഡിയിലൂടെ കുറുക്കന്മാര് നിര്‍ണായകമായ എവേ ഗോള്‍ നേടി. അതുകൊണ്ട് കടം ഒരു ഗോള്‍ മാത്രം. ലീസ്റ്ററിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റശേഷം ക്രെയ്ഗ് ഷേക്സ്പിയര് അഭിമുഖീകരിക്കുന്ന ആദ്യ വെല്ലുവിളിയാകും ഈ പോരാട്ടം.
ലീസ്റ്റര്‍ സിറ്റിയെ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ ക്ലോഡിയോ റെനേരിയെ പരിശീലക സ്ഥാനത്തുനിന്നു നീക്കിയശേഷം ഷേക്സ്പിയര് താത്കാലിക പരിശീലനായിരുന്നു.
ഇദ്ദേഹത്തിന്റെകീഴില് കളിച്ച രണ്ടു പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ജയിച്ചു കഴിഞ്ഞ ലീസ്റ്റര്‍ മികച്ച ഫോമിലേക്കെത്തി. സൂപ്പര്‍ താരങ്ങളായ ജെയ്മി വാര്‍ഡിയും റിയാദ് മെഹ്റസും ഫോമിലെത്തുകയും ചെയ്തു. ഒരു ഗോള്‍ കടമുള്ള ലീസ്റ്റര്‍ സ്വന്തം ഗ്രൗണ്ടില്‍ കഴിഞ്ഞ രണ്ടു കളിയിലും മികച്ച ജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് സെവിയ്യയ്ക്കു കരുതിയിരിക്കണം.
കാരണം ലീസ്റ്ററിനു 1-0ന്റെജയം മാത്രം മതി ക്വാര്‍ട്ടറിലെത്താന്‍. തുടര്‍ച്ചയായ രണ്ടു കളി ജയിച്ച ലീസ്റ്റര്‍ മികച്ച ഫോമിലെത്തി. പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ കീഴടക്കിയാണ് ലീസ്്റ്റര് വിജയപാതയിലേക്കു തിരിച്ചെത്തിയത്.
സെവിയ്യയാണെങ്കില് ഒരുഘട്ടം വരെ ലാ ലിഗ കിരീടപോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കുമൊപ്പമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു കളിയില്‍ ദുര്‍ബലരായ അലാവ്സിനോടും ലെഗന്സിനോടും സമനില വഴങ്ങിയ സെവിയ്യ ആ വിഷമം തീര്‍ക്കാന്‍ വിജയം മോഹിച്ചാരിക്കും ഇറങ്ങുക.
ചാമ്പ്യന്‍സ് ലീഗില്‍ കുതിപ്പായിരിക്കും ജോര്‍ജ് സാംപോളിയുടെ ടീം ലക്ഷ്യമിടുന്നത്. ഒഴുക്കോടെ കളിക്കുന്ന മുന്നേറ്റനിരയാണ് സെവിയ്യയുടെ ശക്തി. പലപ്പോഴും ഇവര്‍ക്കൊപ്പം പിടിച്ചുനില്ക്കാന് എതിരാളികള്‍ പാടുപെടുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മുന്നേറ്റത്തിലെ ഒഴുക്കു നഷ്ടമായതാണ് സെവിയ്യയെ സമനിലയിലേക്കു പതിപ്പിച്ചത്.
കുതിപ്പ് തുടരാന്‍ യുവന്റസ്
ഇറ്റാലിയന്‍ സീരി എയില്‍ തുടരുന്ന കുതിപ്പ് ചാമ്പ്യന്‍സ് ലീഗിലും ആവര്‍ത്തിക്കുന്ന യുവന്റസ് സ്വന്തം സ്റ്റേഡിയത്തില്‍ ഇറങ്ങുന്നു. പോര്‍ട്ടോയില്‍ ആദ്യ പാദത്തില്‍ നേടിയ 2-0ന്റെജയത്തിലിറങ്ങുന്ന യുവന്റസ് വിജയം കൂടുതല്‍ ഗംഭീരമാക്കാനാകും ടൂറിനില്‍ ഇറങ്ങുക. അന്ന് പത്തുപേരുമായി കളിക്കേണ്ടിവന്ന പോര്‍ട്ടോ രണ്ടാം പകുതിയിലാണ് ഗോള്‍ വഴങ്ങിയത്. ടീമില്‍ ഏതു മേഖലയിലും ഗുണനിലവാരം ഉള്ള കളിക്കാരുള്ളതാണ് യുവന്റസിന്റെകരുത്ത്. മുന്നേറ്റനിര മുതല്‍ ഗോള്‍കീപ്പര്‍ വരെയുള്ളവര്‍ ഗോളിക്കാനും അടിപ്പിക്കാനും മിടുക്കരാണ്.
മരിയോ മാന്‍സുകിച്ച്, പൗളോ ഡയബല, ഗോണ്‍സാലോ ഹിഗ്വെന്‍ എന്നിവര്‍ എതിരാളികള്‍ക്ക് എപ്പോഴും ഭീഷണി ഉയര്‍ത്തുന്നവരാണ്. മധ്യനിരയിലും പ്രതിരോധത്തിലും അതുപോലെ തന്നെ കരുത്തര്‍ ധാരാളം.പോര്‍ട്ടോയും മികച്ച ഫോമിലാണ് ടൂറിനില്‍ എത്തുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ ഒമ്പത് തുടര്ജയമാണ് പോര്‍ട്ടോയുടെ പേരില്‍. പിഎസ്ജിയെ ബാഴ്സലോണ തോല്‍പ്പിച്ചതുപോലെ ഒരു തിരിച്ചുവരവാണ് പോര്‍ട്ടോയും ലക്ഷ്യമിടുന്നത്.