ന്യൂഡല്‍ഹി:ആം ആദ്മി സര്‍ക്കാര്‍ പരസ്യത്തിനായി ചിലവിട്ട 526 കോടി രൂപയില്‍ 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍. സുപ്രീം കോടതിയുടെ നിര്‍ദേശം മറികടന്ന് സര്‍ക്കാര്‍ ഖജനാവ് മുഖ്യമന്ത്രിയുടെയും, ആംആദ്മിയുടെയും പരസ്യത്തിനായ് ഉപയോഗിച്ചതിനാലാണ് ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഈ തുക തിരിച്ചടയ്ക്കാനായി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്.
എത്രയും പെട്ടെന്നു തന്നെ 97 കോടി രൂപ ആംആദ്മിയില്‍ നിന്നും ഈടാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. പബ്ലിസിറ്റിക്കായി പണം ചിലവാക്കിയതിനെതിരേ പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ പരസ്യത്തിനായി 24 കോടി രൂപ ചിലവാക്കിയപ്പോഴാണ് ആംആദ്മി സര്‍ക്കാര്‍ 526 കോടി മുടക്കിയത്. ഇത് അഴിമതിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ പരസ്യത്തിന്റെ ചിലവ് പ്രത്യേകം പരാമര്‍ശിക്കുന്നത് കൊണ്ടാണ് ഭീമമായ തുകയായി തോന്നുന്നത് എന്നാണ് ആം ആദ്മിയുടെ വിശദീകരണം. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പരസ്യം ഇന്ത്യയിലുള്ള എല്ലാ പ്രധാന പത്രങ്ങളിലും വന്നിരുന്നു.