രാജ്യതാല്‍പര്യത്തിനു വിരുദ്ധമായ വിവാദ പരാമര്‍ശവുമായി ഇടതു ബുദ്ധിജീവി ഭാസുരേന്ദ്ര ബാബു. സിപിഎം അനുകൂല പ്രവാസി സംഘടനയുടെ വെബിനാറിലാണ് ഭാസുരേന്ദ്രബാബു വിഘടനവാദ പരാമര്‍ശം നടത്തിയത്
”മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കില്‍ ആ ഇന്ത്യയില്‍ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും. പുതിയ ഒരു ഭൂപടം വരക്കാന്‍ നാം തയ്യാറാകണം’. നവോദയ കള്‍ച്ചറല്‍ സെന്റര്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന വെബിനാറിലാണ് ഭാസുരേന്ദ്ര ബാബു ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചയിലായിരുന്നു ഈ വിഘടനവാദ ആഹ്വാനം.
എന്നാല്‍ മോഡറേറ്റര്‍മാരോ സംഘാടകരോ പരാമര്‍ശത്തെ എതിര്‍ക്കാനോ തടയാനോ തയ്യാറായില്ലയെന്നത് ശ്രദ്ധേയമാണ്. ഇടത് സഹയാത്രിക സുനിത ദേവദാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സജീഷ്, കെ. ഗിരീഷ് തുടങ്ങിയവരാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. ഇവരെല്ലാം ഭാസുരേന്ദ്ര ബാബുവിനെ അനുകൂലിച്ചെന്ന തരത്തിലുള്ള പ്രചരണം ശക്തമാണ്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പുതിയ രാജ്യമെന്നതിന് ഏറെക്കാലമായി ഇടത്-മുസ്ലിം തീവ്രവാദികള്‍ പ്രചാരണം നല്‍കുന്നുണ്ടെന്ന് പരിവാര്‍ പ്രസ്ഥാനങ്ങള്‍ ആരോപിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തി സിപിഎമ്മും കോണ്‍ഗ്രസ്സും ഇതിനെ പരോക്ഷമായി പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ പറയുന്നു. ഇതിനിടെയുള്ള ഭാസുരേന്ദ്ര ബാബുവിന്റെ പരസ്യ വിഘടന വാദ ആവശ്യത്തെ ഗൗരവത്തോടെ എടുക്കണമെന്നാണ് പരിവാര്‍ സംഘടനകള്‍ പറയുന്നത്.