പെട്ടെന്നൊരാൾ നിങ്ങളുടെ അടുത്തുവന്ന് ഇടതും വലതും ഏതെന്നു ചോദിച്ചാൽ ഒരു നിമിഷത്തേക്കെങ്കിലും ആലോചിക്കേണ്ടി വരാറുണ്ടോ?
ചിലർ ആശയക്കുഴപ്പത്തിലായേക്കാം, ചിലർ കൃത്യമായി പറഞ്ഞെന്നുമിരിക്കും. ഇതിലൊന്നും യാതൊരുവിധ പ്രശ്നവുമില്ല.
പക്ഷേ, എത്ര ആലോചിച്ചാലും ഇടതും വലതും കൃത്യമായി പറയാൻ സാധിക്കാതെ വന്നാൽ അതും പ്രശ്നമാണ്. ആനയോടു പാപ്പാൻ ഇടത്താനേ, വലത്താനേ എന്നു പറഞ്ഞാൽ അതു കൃത്യമായി ചെയ്യും. എന്നിട്ടും മനുഷ്യനു കഴിയുന്നില്ലെങ്കിൽ? പ്രശ്നം തന്നെ.
കൺഫ്യൂഷൻ തന്നെ!
അത്തരമൊരു പ്രശ്നത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഡികോഡിയ ലെയിൻ എന്ന ഇരുപത്തിമൂന്നുകാരി. ഓസ്ട്രേലിയയിലെ കാൻബെറയിൽനിന്നുള്ള വിദ്യാർഥിനിയാണ് ലെയ്ൻ. എത്ര തന്നെ ആലോചിച്ചാലും കക്ഷിക്ക് ഇടതും വലതും കൃത്യമായി പറയാൻ സാധിക്കില്ല.
പലതവണ പറഞ്ഞു പഠിച്ചു. പക്ഷേ, പിറ്റേന്നു ചോദിച്ചാൽ വീണ്ടും കൺഫ്യൂഷൻ. ഇതു മറികടക്കാൻ പല മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും എല്ലാം പരാജയം.
മത്സരം പൊട്ടി
ഒടുവിൽ ഒരു മത്സരത്തിൽ ടീം ലീഡർ ആയി പങ്കെടുത്തതാണ് ലെയിനിന്റെ ജീവിതത്തിൽ ഏറ്റവും വലിയ പുകിലായി മാറിയത്.
മത്സരത്തിൽ ലെയിനിന്റെ ടീമിന്റെ വാഹനം ഓടിച്ചയാൾക്കു വഴി പറഞ്ഞു കൊടുത്തത് ലെയിനായിരുന്നു. പിന്നെ പറയാനുണ്ടോ പുകിൽ. ഇടതും വലതുമെല്ലാം തെറ്റി മത്സരം കുളമായി. മത്സരത്തിൽ ലെയിനിന്റെ ടീം പൊട്ടി.
അന്നാണ് ലെയിനിന്റെ ജീവിതത്തിൽ വഴിത്തിരിവായ സംഭവമുണ്ടായത്. ഇടതും വലതും തെറ്റിപ്പോകുന്ന ലെനിന്റെ പ്രശ്നത്തിനു താത്കാലിക പരിഹാരവുമായി സുഹൃത്ത് എത്തി.
അവരുടെ കൈയിൽ പേനവച്ച് ഇടത്, വലത് എന്നു സൂചിപ്പിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളായ എൽ, ആർ എന്നിങ്ങനെ പേന ഉപയോഗിച്ച് എഴുതിക്കൊടുത്തു.
എൽ, ആർ
എന്നാൽ, പിന്നീട് ആലോചിച്ചപ്പോൾ അതൊരു നല്ല ആശയമാണെന്നു ലെയിനു തോന്നി. അങ്ങനെയാണ് ലോറൻ വിൻസർ എന്ന ടാറ്റൂ ആർട്ടിസ്റ്റിനെ ലെയിൻ സമീപിച്ചത്.
കൈയിൽ ഇടതും വലതും സൂചിപ്പിക്കുന്ന അക്ഷരങ്ങൾ ടാറ്റൂ ചെയ്തു. തമാശയായിത്തുടങ്ങിയതാണെങ്കിലും സംഗതി ഇപ്പോൾ വലിയ ഉപകാരമാണെന്നു ലെയ്ൻ പറയുന്നു.
ലെയിന്റെ ചിത്രം ടാറ്റൂ ആർട്ടിസ്റ്റ് അവരുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോഴാണ് സംഗതി കൂടുതൽ രസകരമായത്. ലെയിനെപ്പോലെ പ്രശ്നം നേരിടുന്ന നിരവധി പേരുണ്ടെന്ന് അതോടെ വ്യക്തമായി.
ഈ ടാറ്റുവിന്റെ സഹായം എനിക്കും അത്യാവശ്യം, വാഹനം ഓടിച്ചു തുടങ്ങുന്പോൾ ഞാനിതു ചെയ്യും… തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.