കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയ പരാതിയില്‍ ഡോക്ടര്‍ക്കെതിരേ നടപടി വരും. സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടി വരുമെന്നാണ് അറിയുന്നത്.
ആരോഗ്യവകുപ്പിന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഡോക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച സംഭവിച്ചുവെന്നാണ് വിവരം. മാത്രമല്ല വീഴ്ച സംഭവിച്ചശേഷം അത് മറയ്ക്കുന്നതിന് ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്.
പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കിനല്കിയിരുന്നു.
കോഴിക്കോട് നാഷണൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ കക്കോടി മക്കട ‘നക്ഷത്ര’യിൽ സജിന സുകുമാരന്റെ (60) പരാതിയിലാണ് നടപടി.
അഡീഷനൽ ഡിഎംഒ ഡോ. ദിനേശൻ ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. നടക്കാവ് പോലീസ് ആശുപത്രിയിലെത്തി രേഖകൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ സജ്നയുടെ കുടുംബം പുറത്തുവിട്ടു.
ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം മാനേജ്മെന്റ് നടത്തിയ ചർച്ചയിലാണ് ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നത്.
കാലു മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതി വന്ന ദിവസം ആശുപത്രി മാനേജ്മെന്റ് നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി കൂടിയായ ഡോ. പി. ബെഹിർഷാൻ തെറ്റുപറ്റിയെന്ന് ഇതിൽ സമ്മതിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
സത്യത്തിൽ ഇടതു കാലിന് വേണ്ടിയാണ് ഞാൻ മുന്നൊരുക്കം നടത്തിയത്. നിങ്ങൾ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല-ഇതാണ് വീഡിയോയിൽ ഡോക്ടർ പറയുന്നുത്.
ഈ ദൃശ്യങ്ങൾ പോലീസിനും കൈമാറി. ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകൾ എല്ലാം ആശുപത്രി മാനേജ്മെന്റ് തിരുത്തിയെന്ന പരാതി കുടുംബം ആവർത്തിക്കുന്നു.
നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി തുടർചികിത്സയ്ക്കായി സജ്നയെ മെഡിക്കൽ കോളജിലേക്ക് ബന്ധുക്കൾ മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ വേണ്ടത് ഇടത് കാലിന് തന്നെയാണെന്ന് വ്യക്തമായതായി കുടുംബംപറയുന്നു.