പേരൂർക്കട: കുടുംബ പെൻഷൻ ലഭിക്കുന്നതിനുവേണ്ടി വീട്ടമ്മ എട്ടുവർഷം നടത്തിയ നിയമ പോരാട്ടം ഒടുവിൽ വിജയിച്ചു. കെഎസ്ആർടിസി ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസറായി വിരമിച്ച എൻ. മോഹൻകുമാറിന്റെ കുടുംബ പെൻഷനു വേണ്ടി നിയമപോരാട്ടം നടത്തിയ ഭാര്യ പേരൂർക്കട അമ്പലമുക്ക് വിശാഖിൽ സി.എ. ശാന്തകുമാരിക്കാണ് (75) നീതിപീഠം അനുകൂല വിധി സമ്മാനിച്ചത്.
കുടിശിക ഉൾപ്പെടെ 18,52,717 രൂപയുടെ പെൻഷൻ തുക ശാന്തകുമാരിയുടെ ബാങ്ക് അക്കൗണ്ടിൽ കെഎസ്ആർടിസി കഴിഞ്ഞ ദിവസം നിക്ഷേപിച്ചു.
അഡ്വ. വഴുതക്കാട് നരേന്ദ്രൻ മുഖേന ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് 1998 മാർച്ചിൽ വിരമിച്ച മോഹൻകുമാർ 2015 ഫെബ്രുവരിയിൽ മരിച്ചു.
കുടുംബ പെൻഷനു വേണ്ടി കെഎസ്ആർടിസിക്ക് കൊടുത്ത അപേക്ഷയിൽ ഫലമില്ലാതെ വന്നതോടെ ലീഗൽ സർവീസസ് അഥോറിറ്റിയിൽ പരാതി നൽകി.
പക്ഷേ അഥോറിറ്റി ഉത്തരവിലും പെൻഷൻ ലഭിച്ചില്ല. ലോകായുക്തയിലും കേസ് ഫയൽ ചെയ്തെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പെൻഷൻ നിഷേധിച്ചു.
സർവീസ് രേഖയിൽ നോമിനിയെ നിയോഗിച്ചിട്ടില്ലെന്നതടക്കം കോർപറേഷൻ കാരണമാക്കി. ഒടുവിലാണ് കേസ് ഹൈക്കോടതിയിലെത്തിയത്.
കുടിശിക ഉൾപ്പെടെ പെൻഷൻ നാലു മാസത്തിനകം നൽകാൻ കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം നൽകിയെങ്കിലും അനുകൂല നിലപാടുണ്ടായില്ല.
തുടർന്ന് കോർട്ടലക്ഷ്യ കേസിനായി ശാന്തകുമാരി വക്കീൽ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് തുക അനുവദിച്ചത്. സ്വാതന്ത്ര്യ സമരത്തിനിടെ പേട്ടയിൽ വെടിയേറ്റു മരിച്ച രാജേന്ദ്രന്റെ ഇളയ സഹോദരനാണ് മോഹൻകുമാർ.