തിരുവനന്തപുരം: മണക്കാട് മാർക്കറ്റിൽ പരിശോധനയ്ക്കെത്തിയ ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ച് മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം അറസ്റ്റിലായ സിപിഎം- സിഐടിയു നേതാക്കളെ കോടതി റിമാൻഡ് ചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം സുന്ദരൻപിള്ള, സിഐടിയു നേതാവ് സുരേഷ് എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡിലായത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മണക്കാട് മാർക്കറ്റിൽ പരിശോധനയ്ക്കെത്തിയ ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. അളവ് തൂക്ക ത്രാസുകളിലെ ക്രമക്കേട് കണ്ടെത്താനെത്തിയ ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരെ ഒരു സംഘം മർദ്ദിച്ചവശരാക്കുകയായിരുന്നു.
ലീഗൽ മെട്രോളജി വിഭാഗം ഇൻസ്പെക്ടർ ഷാജഹാൻ, അബ്ദുൾ ഗഫൂർ, മുനീർ എന്നിവർ ഉൾപ്പെട്ട സംഘത്തിനാണ് മർദ്ദനമേറ്റത്.പരിശോധനയിൽ അളവ് തൂക്കങ്ങളിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ ചില കച്ചവടക്കാരുടെ ഉപകരണങ്ങൾ പിടിച്ചെടുത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
ഇവ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ആക്രോശവുമായി ഒരു സംഘം എത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ ക്രൂരമായി മർദിച്ച സംഘം അധികൃതരുടെ മൊബൈൽ ഫോണ് തകർത്തു. മർദനമേറ്റവരെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.പത്തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാർ പോലീസിൽ മൊഴി നൽകിയിരുന്നു.