മുംബൈ : ഷാരുഖ് ഖാന് നായകനായ ‘ചക്ദേ ഇന്ത്യ’ ഇന്ത്യയില്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച കായികചിത്രങ്ങളില് ഒന്നാണ്. ഇതിനു പ്രചോദനമായതാവട്ടെ ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ഗോള്‍കീപ്പറും വിജയഗാഥകള്‍ രചിച്ച പരിശീലകനുമായ മിര്‍ രഞ്ജന്‍ നേഗിയുടെ ജീവിതവും. ഇപ്പോള്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറായ മിര്‍ രഞ്ജന്‍ നേഗി കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് സസ്പെന്ഷനിലായെന്നതാണ് പുതിയ വാര്‍ത്ത.മുംബൈ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്സുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണു നടപടി.
സഹപ്രവര്‍ത്തകനായ വി.എം.ഗണൂവിനെയും സസ്പെന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ കള്ളക്കടത്തുകാര്‍ക്കു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതു കാരണം ഡ്യൂട്ടി ഇനത്തില്‍ 26 കോടി രൂപയുടെ നഷ്ടമുണ്ടായതായി കഴിഞ്ഞ മേയില്‍ കസ്റ്റംസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നു രഞ്ജനെയും ഗണൂവിനെയും യഥാക്രമം കൊല്‍ക്കത്തയിലേക്കും ചെന്നൈയിലേക്കും സ്ഥലംമാറ്റുകയും ചെയ്തു. ഇരുവരുടെയും സസ്പെന്ഷന് ഉത്തരവില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇപ്പോഴാണ് ഒപ്പുവച്ചത്. തുടര്‍ നടപടികളുടെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് സസ്പെന്ഷന് മൂന്നു മാസത്തിനു ശേഷം അവലോകനം ചെയ്യും. വകുപ്പുതല അന്വേഷണവും ഉണ്ടാകും.
കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാം.പത്തു വര്‍ഷം മുന്‍പ് ഇറങ്ങിയ ബോളിവുഡ് സൂപ്പര്‍ ഹിറ്റ് സിനിമ ‘ചക് ദേ ഇന്ത്യ’യ്ക്ക് പ്രേരകമായതു മിര്‍ രഞ്ജന്‍ നേഗിയുടെ ജീവിതകഥയാണ്. ഷാറൂഖ് ഖാന് ആയിരുന്നു നായകന്. ചാരത്തില്‍ നിന്നു ഫീനിക്സ് പക്ഷിയുടെ ഉയിര്ത്തെഴുന്നേല്പിനു സമാനമായ ജീവിതമായിരുന്നു രഞ്ജന്റേത്. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായിരിക്കേ പാക്കിസ്ഥാനില്‍ നിന്ന് ഏഴു ഗോള്‍ വഴങ്ങി ടീമില്‍ നിന്നു നാണംകെട്ടു പുറത്തേക്ക്. എന്നാല്‍ 1998ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തിരിച്ചുവരുന്നു; ടീം ജേതാക്കളുമായി. പിന്നീടു ദേശീയ വനിതാ ടീമിന്റെ കോച്ചായി. രഞ്ജന്റെ ശിക്ഷണത്തില്‍ ടീം 2002ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2004ലെ ഹോക്കി ഏഷ്യാ കപ്പിലും ടീം സ്വര്‍ണം നേടി. പി്ന്നീട് ചക്ദേ ഇന്ത്യ റിലീസ് ചെയ്തതോടെ ഇദ്ദേഹത്തിന്റെ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്തു.