നിരവധി പ്രമുഖരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ഇ-മെയിലുകളും ചോര്‍ത്തി രാജ്യത്തെ നടുക്കിയ ഹാക്കര്‍ സംഘത്തിലെ ഒരാളുടെ സംഭാഷണം പുറത്തുവന്നു. ഹാക്കര്‍മാര്‍ ചോര്‍ത്തിയവയില്‍ വിജയ് മല്ല്യ, രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍, അപ്പോളോ ആശുപത്രിയുടെ സെര്‍വര്‍ എന്നിവയും ഉള്‍പ്പെട്ടിരുന്നു. ഇതു വാര്‍ത്തയാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സംഘത്തിലെ പേരുവെളിപ്പെടുത്താത്ത ഒരു ഹാക്കറുടെ സംഭാഷണം പുറത്തായിരിക്കുന്നത്.
ഇന്ത്യയിലെ ഹാക്കിങ്ങിനു പിന്നില്‍ ലീജിയന് എന്ന ഗ്രൂപ്പാണെന്നാണ് സംഭാഷണത്തില്‍ നിന്നു വ്യക്തമാകുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി ക്വിന്റിന്റെ അസോസിയേറ്റ് എഡിറ്റര്‍ പൂനം അഗര്‍വാളിന് നല്കിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഹാക്കര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല വ്യക്തിയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രീയക്കാരനെന്ന നിലയില്‍ പരാജയമാണെന്നും ഹാക്കര്‍ പറയുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടികളോടു പ്രത്യേകം സ്നേഹമൊന്നുമില്ലെന്നും കുറ്റവാളികളെ സമൂഹമധ്യത്തില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും നേരത്തെ തന്നെ ലീജിയന് ഹാക്കര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുന്ന ഹാക്കര്സംഘത്തെ സഹായിക്കുന്നത് ബിജെപി ആണെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ലീജിയന് ഹാക്കര്‍ സംഘത്തില്‍ മൂന്നുപേരാണുള്ളതെന്ന് സൂചനയുണ്ട്. വിക്കിലീക്സ് മാതൃകയില്‍ ഇന്ത്യയിലെ രഹസ്യങ്ങള്‍ പുറത്തുക്കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന ബിജെപി സര്‍ക്കാരും മോദിയും ചെയ്യുന്നത് നല്ല കാര്യങ്ങളായതിനാലാണ് അവരുടെ അക്കൗണ്ടുകള്‍ ആക്രമിക്കാത്തതെന്നും ഹാക്കര്‍ പറയുന്നുണ്ട്. പണം തങ്ങളുടെ ലക്ഷ്യത്തില്‍ പെടുന്നില്ലെന്നും ഹാക്കര്‍ പറയുന്നു.