അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനും പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും പുതുജീവനാണ് സമ്മാനിച്ചത്. സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ മിസോറാമില്‍ നിശേഷം തകര്‍ന്നടിഞ്ഞത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ പ്രകടനം മികച്ചുനിന്നു. എന്നിരുന്നാല്‍ തന്നെയും ഈസിവാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് ആഴത്തിലുള്ള വിലയിരുത്തലില്‍ ഫലം നിരാശ പകരുമെന്ന് പറഞ്ഞാലും തെറ്റില്ല.
അടിത്തറ വീണ്ടെടുത്ത് മധ്യപ്രദേശും രാജസ്ഥാനും
അടുത്ത പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ബിജെപി എങ്ങനെ തന്ത്രങ്ങളൊരുക്കും എന്നത് മധ്യപ്രദേശിനെ ആശ്രയിച്ചാണ്. 90 ശതമാനത്തിലേറെ ഹിന്ദുക്കള്‍ വസിക്കുന്ന സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും ഹിന്ദുത്വത്തിലൂന്നിയാണ് പ്രചാരണം നടത്തിയത്. യോഗി ആദിത്യനാഥ് ഉള്‍പ്പെടെ വര്‍ഗീയത ആളിക്കത്തിച്ച് ബിജെപിക്കായി പ്രചരണം നയിച്ചു. കോണ്‍ഗ്രസും വിട്ടുകൊടുത്തില്ല. പൂണൂല് ധരിച്ചും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ ആദ്യമെച്ചിയും രാഹുല്‍ പിടിച്ചുനിന്നു.
മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിനായില്ല. തുടക്കത്തില്‍ മിക്ക മാധ്യമങ്ങളും ബിജെപി തകര്‍ന്നടിയുമെന്ന് പ്രഖ്യാപിച്ചിടത്ത് കോണ്‍ഗ്രസിന്റെ പ്രകടനത്തെ വിലയിരുത്തിയാല്‍ നിരാശജനകമെന്ന് പറയേണ്ടിവരും. ബിജെപിയെ സംബന്ധിച്ചിടത്തോളം ഭരണം പോയെങ്കിലും നാണംകെട്ട തോല്‍വി വഴങ്ങാത്തത് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് പ്രതീക്ഷ നല്കുന്നു. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനായിരുന്നു ബിജെപിയുടെ മുഖം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോദിയെ മുന്‍നിര്‍ത്തി കൂടുതല്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്.
രാജസ്ഥാന് രാഷ്ട്രീയനിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുമെന്ന് വിലയിരുത്തിയവര്‍ക്ക് ഞെട്ടലായി തെരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ധാര്ഷ്ട്യത്തില് നിന്ന് ഉടലെടുത്ത ഭരണവിരുദ്ധ തരംഗം മുതലാക്കാന്‍ സച്ചിന് പൈലറ്റിനും അശോക് ഗെഹ്ലോട്ടിനും കഴിഞ്ഞില്ലെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. വസുന്ധരയെ തൂത്തെറിയും മോദിയെ കൈവിടില്ലെന്ന പ്രഖ്യാപനത്തോടെയാണ് രാജസ്ഥാനിലെ കര്‍ണിസേന തെരഞ്ഞെടുപ്പിലുടനീളം പ്രചരണം നടത്തിയത്.
എന്തുസംഭവിക്കും 2019ല്‍
അഞ്ചിടത്തെയും ഫലങ്ങള്‍ ഇഴകീറി പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് ആശ്വാസത്തിനൊപ്പം ആശങ്കയുമുണ്ട്. രണ്ടു വലിയ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ ജനഭിലാഷം പൂര്‍ണമായും മുതലാക്കാന്‍ പോലും രാഹുലിന്റെ സംഘത്തിനായില്ല. ബിജെപിക്കാകട്ടെ എല്ലാത്തിനെയും മറികടക്കാന്‍ പറ്റിയ സംഘടനാ സംവിധാനം ഉണ്ടെന്ന ബോധ്യം കൈമുതലാകും.