കലിഫോർണിയ: കലിഫോർണിയ സാൻ ബെർനാഡിനൊ പസഫിക് ഹൈസ്കൂൾ റെസിലിംഗ് ടീമിന്റെ ക്യാപ്റ്റൻ പദവി ഏറ്റെടുക്കേണ്ട ബ്രെറ്റ് വിന്റേഴ്സിന്റെ കൃത്രിമ കാലുകൾ മോഷണം പോയി. ഇതോടെ തന്റെ ക്യാപ്റ്റൻ പദവി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ബ്രെറ്റ്.
കാൽ മുട്ടിന് താഴെ അസ്ഥിയില്ലാതെയായിരുന്നു ബ്രെറ്റിന്റെ ജനനം. എട്ടു വയസു കഴിഞ്ഞപ്പോൾ ഇരു കാലുകളും മുട്ടിനു താഴെ നീക്കം ചെയ്തു കൃത്രിമ കാലുകൾ വച്ചു പിടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ബ്രെറ്റ് ജീവിതകാലം മുഴുവൻ വീൽ ചെയറിൽ കഴിയേണ്ടിവരുമായിരുന്നു.
ഇരുകാലുകളും നീക്കം ചെയ്തു രണ്ടു വർഷത്തിനുശേഷം പത്താം വയസിലാണ് ബ്രെറ്റിന് കൃത്രിമ കാലുകൾ ലഭിച്ചത്. റെസിലിംഗിലായിരുന്നു ബ്രെറ്റ് പരിശീലനം നേടിയത്. കൃത്രിമ കാലുകൾ ഉപയോഗിച്ചായിരുന്നു പരിശീലനം. ഇരുകാലുകളും മോഷണം പോയതോടെ മുട്ടിേ·ലാണ് ഇപ്പോൾ പരിശീലനം തുടരുന്നത്. ഇത് വളരെ വേദനയുണ്ടാക്കുന്നതാണെന്ന് ബ്രെറ്റ് വ്യക്തമാക്കി.
സ്റ്റേറ്റ് ചാന്പ്യൻഷിപ്പ് നേടുന്നതിനുള്ള അവസാന അവസരമാണിത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നതും ഈ വർഷമാണ്. അന്വേഷണത്തിനൊടുവിൽ മോഷണം പോയ രണ്ടു കാലുകളിൽ ഒന്ന് കണ്ടെത്തിയിരുന്നു. രണ്ടാമത്തെതും ലഭിക്കാതെ പരിശീലനം തുടരുക സാധ്യമല്ല. സ്കൂൾ അധികൃതർ രണ്ടു കാലുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അതുപയോഗിച്ചു പരിശീലനം നേടുന്നതിന് അധികം സമയം എടുക്കും. എന്തായാലും ബ്രെറ്റിന്റെ ആഗ്രഹം സഫലമാകുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.
റിപ്പോർട്ട്: പി.പി. ചെറിയാൻ