വൈപ്പിൻ: സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകൾ മുറിച്ചുമാറ്റിയനിലയിൽ പുതുവൈപ്പ് എൽഎൻജി ടെർമിനലിനു സമീപം കടൽത്തീരത്തു കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മത്സ്യത്തൊഴിലാളികളാണു തീരത്ത് അടിഞ്ഞനിലയിൽ കാലുകൾ കണ്ടെത്തിയത്.
എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കാലുകൾ ഫോറൻസിക് പരിശോധന നടത്തും. അടുത്തകാലത്തു കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും മുളവുകാട് പോലീസ് ശേഖരിക്കുന്നുണ്ട്. കാലുകളിൽ ഒരു കാൽ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാൽപ്പാദം വേർപെട്ട് രണ്ടായ നിലയിലുമാണ്.
ഇടതും കാലും വലതുകാലും അടിഞ്ഞിരിക്കുന്നതിനാൽ കാൽ രണ്ടും ഒരാളുടേതാണെന്നു കരുതുന്നു. ചികിത്സയുടെ ഭാഗമായി മുറിച്ചുനീക്കിയ കാലുകൾ ആശുപത്രിയിൽനിന്നു കടലിൽ തള്ളിയതാകാമെന്ന വാദം ഉയർന്നെങ്കിലും അതു ശരിയല്ലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ഓഗസ്റ്റിൽ ഈ ഭാഗത്ത് ഉണങ്ങിയനിലയിൽ പുരുഷന്റെ തലയും ഉടലിന്റെ കുറെഭാഗവും ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്നു കണ്ടെത്താനായിരുന്നില്ല. ഇതിനു പിന്നാലെയാണു സ്ത്രീയുടേതെന്നു തോന്നിക്കുന്ന കാലുകൾ കണ്ടെത്തിയിരിക്കുന്നത്.