പത്തനാപുരം: പുറത്ത് മഴ കനക്കുമ്പോള്‍ ഈ വീട്ടമ്മയുടെ ഉള്ളില്‍ ഭയത്തിന്റെ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടും.ഏതു നിമിഷവും നിലംപൊത്താറായ കൂരയില്‍ ഉറങ്ങാതെ നേരം വെളുപ്പിക്കുകയാണ് പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ കുറുന്തമണ്‍ സ്വദേശി ലേഖയെന്ന വീട്ടമ്മ.
മണ്‍കട്ടയില്‍ തകര ഷീറ്റ് മേഞ്ഞ ഇവരുടെ വീട് ഇഴജന്തക്കളുടെ താവളം കൂടിയാണ്.തോരാത്ത മഴ കൂടിയായതോടെ ഒരു മുറി മാത്രമുളള വീട് ചോര്‍ന്നൊലിച്ച് കുളമായി മാറുന്ന അവസ്ഥ.ഭാരമുളള മരക്കഷണങ്ങള്‍ ഷീറ്റിന് മുകളിലിട്ടാണ് കാറ്റില്‍ നിന്നു രക്ഷനേടുന്നത്.അല്ലെങ്കില്‍ മേല്‍ക്കൂര കാറ്റില്‍ പറന്നു പോകും.
ഭര്‍ത്താവ് രാജീവിന് കൂലിവേല ചെയ്ത് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് മൂന്ന് കുട്ടികളടങ്ങുന്ന ഇവരുടെ കുടുംബം ജീവിച്ചു പോകുന്നത്.ഇളയ മകള്‍ ആറുവയസുകാരി ആതിരക്ക് ജനിച്ച നാള് മുതല്‍ ഹൃദയ സംബന്ധമായ അസുഖവുമുണ്ട്.തിരുവന്തപുരം എസ്എടി ആശുപത്രിയിലാണ് ചികിത്സ.മകളുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനുമായി ഏറെ ബുദ്ധിമുട്ടാണ് ഈ നിര്‍ധന കുടുംബം നേരിടുന്നത്.ഭവന ധനസഹായത്തിന്
ലേഖ കയറിയിറങ്ങാത്ത ഓഫിസുകളില്ല. മന്ത്രി, ജില്ല കളക്ടർ, മുതൽ പഞ്ചായത്ത് വരെയുള്ള ഓഫിസുകളില്‍ നിരവധി തവണ പോയിട്ടും ഒരു ഫലവുമുണ്ടായില്ല. ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ഭവന ധനസഹായത്തിനായി ഗ്രാമസഭയിൽ അപേക്ഷ നൽകി. ലേഖയ്ക്ക് വീടിനു അർഹത ഉണ്ടെന്നും വീട് നൽകാമെന്നും ഉറപ്പും നൽകി.
ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരിയാവുകയും ചെയ്തു. എന്നാൽ സ്വന്തമായി വീടെന്ന മോഹം ഇന്നും അകലെയാണ് ഇവര്‍ക്ക്. ജില്ല കലക്ടർക്ക് പരാതി നൽകിയതിനെ തുടര്‍ന്ന് ഭവന പദ്ധതിയില്‍ ഉൾപ്പെടുത്തി തുക അനുവദിക്കണമെന്ന് കളക്ടർ എസ്.കാര്ത്തികേയന് നിർദേശം നൽകിയെങ്കിലും അതിനും നടപടിയുണ്ടായില്ല
പ്രദേശത്ത് ആനയുള്പ്പെടെയുളള വന്യമൃഗങ്ങളുടെ ശല്ല്യം രൂക്ഷമായതോടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാനും മാതാപിതാക്കള്‍ ഭയക്കുകയാണ്.പഞ്ചായത്തധികൃതരുടെ കണ്ണ് ഇനിയെങ്കിലും തുറക്കണമേയെന്ന പ്രാര്‍ത്ഥന മാത്രമാണ് ഇവര്‍ക്കുളളത്.