അമരവിള: മാരായമുട്ടം മലയിക്കടയിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി മരിച്ച ലേഖയുടെ ഭർത്താവ് ചന്ദ്രനെയും ബന്ധു കാശിയെയും പോലീസ് കസ്റ്റഡിയിൽ വിട്ടെങ്കിലും സംഭവം നടന്നവീട്ടിലെത്തിച്ച് തെളിവെടുത്തില്ല. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പോലീസ് സ്റ്റേഷനിൽവച്ച് ചോദ്യം ചെയ്തു.
വീടിന് പിന്നിലെ കാവിനെക്കുറിച്ചും കാവിൽ മന്ത്രവാദമുൾപ്പെടെയുള്ള പൂജകൾ നടന്നിരുന്നോ എന്നതിനെ പറ്റിയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട് . ഇത് സംബന്ധിച്ച് ലേഖയുടെ സഹോദരി ബിന്ദുവിന്റെയും ഭർത്താവിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടാതെ ചന്ദ്രൻ കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽ നിന്ന് എടുത്തിട്ടുള്ള ഭവന വായ്പയെക്കുറിച്ചും ഉദ്യോഗസ്ഥർ ചന്ദ്രന്റെ വീട്ടിലെത്തിയ സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണംനടത്തുന്നുണ്ട്.
ബാങ്കധികൃതർക്ക് പോലീസ് നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ബാങ്ക് പോലീസിന് രേഖകൾ സമർപ്പിക്കും. ബാങ്കിന്റെ വായ്പയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളെ കുറിച്ചും പ്രതികളിൽ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട് . ബാങ്കധികൃതരോട് രേഖകൾ എത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ പോലീസ് പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ അമർഷമുണ്ട്.നിസാര കേസുകൾക്ക് പോലും പ്രതികളെയും കൊണ്ട് കറങ്ങുന്ന പോലീസ് എന്ത് കൊണ്ട് ഇരുവരെയും വീട്ടിലെത്തിയും വീടിന് സമീപത്തെ ആൽത്തറയിലുമെത്തിച്ച് തെളിവെടുക്കാത്തതെന്നും നാട്ടുകാർ ചോദിക്കുന്നു.ഇരുവരുടെയും മരണത്തെ സംബന്ധിച്ച് പോലീസ് ശക്തമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.