അന്പലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃകയായി വനിതാ പഞ്ചായത്തംഗം. വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും മാസ്കിനൊപ്പം ഹാൻഡ് വാഷും നൽകിയാണ് പഞ്ചായത്തംഗം മാതൃകയായത്. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡ് അംഗം ലേഖാ മോൾ സനലാണ് ഈ പ്രവർത്തനം ഏറ്റെടുത്തത്.
പഞ്ചായത്തംഗമായി ചുമതലയേറ്റ നാൾ മുതൽ എല്ലാ വർഷവും തന്റെ വാർഡിലെയും സമീപ വാർഡുകളിലെയും മുഴുവൻ വിദ്യാർഥികൾക്കും ലേഖാമോൾ പഠനോപകരണങ്ങൾ നൽകിയിരുന്നു. തനിക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയത്തിന്റെ ഒരു ഭാഗം നീക്കിവച്ചാണ് ലേഖാ മോൾ ഇത് നടപ്പാക്കുന്നത്.
കഴിഞ്ഞ 14 വർഷമായി മുടങ്ങാതെ ചെയ്തിരുന്ന ഈ മാതൃകാ പ്രവർത്തനം ഇത്തവണ കോവിഡായതിനാൽ മാറ്റിവച്ചു. ഇതിനായി നീക്കിവച്ചിരുന്ന പതിനായിരം രൂപയാണ് ഇത്തവണ തന്റെ വാർഡിലെ അംഗങ്ങൾക്ക് ഹാന്റ് വാഷ് നൽകാനായി ചെലവഴിച്ചത്.
ഒപ്പം പഞ്ചായത്തിൽ നിന്നു ലഭിച്ച മാസ്്കുകളും എല്ലാ വീടുകളിലുമെത്തിച്ചു. ഒന്നാം ഘട്ടമായി ആശാ വർക്കർമാർ ഉൾപ്പെടെയുള്ളവർക്ക് മാസ്കുകൾ നൽകിയിരുന്നു. ഇതിനു ശേഷം പരീക്ഷയെഴുതിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കും കാക്കാഴത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും മാസ്കുകൾ നൽകി.