കൊട്ടാരക്കര : അവധിയാഘോഷിക്കാനായി അധ്യാപികയായ മരുമകൾ വീടിനുള്ളിൽ പൂട്ടിയിട്ടുപോയ ഭർത്തൃമാതാവിനെ പോലീസും നാട്ടുകാരും ചേർന്ന് കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിച്ചു.
ആയൂർ ഇളമാട് അമ്പലമുക്ക് രാജേഷ് വിലാസത്തിൽ ലക്ഷ്മിക്കുട്ടിഅമ്മയ്ക്കാണ് (85) സന്മനസുകളുടെ സമയോചിത ഇടപെടൽ മൂലം ജീവൻ തിരിച്ചു കിട്ടിയത്. മകന്റെ 16 ാം വയസിൽ കാൻസർ രോഗം ബാധിച്ച് ഭർത്താവ് മരണപ്പെട്ടുപോയ ലക്ഷ്മികുട്ടിയമ്മ ഏറെ കഷ്ടപ്പെട്ടാണ് ഏകമകൻ രാജേഷിനെ വളർത്തിയത്. പ്രൈവറ്റ് ബസിൽ ഡ്രൈവർ ആയിരുന്ന മകന് കെഎസ്ആർടിസിയിൽ ജോലി ലഭിച്ചതോടെ പതിയെ ആ കുടുംബം കരകയറി.
മകൻ സ്നേഹിച്ചു വിവാഹം കഴിച്ച അധ്യാപികയായ മരുമകൾ വീട്ടിലേയ്ക്ക് കയറിവന്നതോടെയാണ് ലക്ഷ്മികുട്ടിയമ്മയുടെ ജീവിതത്തിൽ വേദനയുടെ നാളുകൾ മുളച്ചു പൊന്തിയതെന്ന് നാട്ടുകാർ പറയുന്നു.
അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്തുവകകളെല്ലാം മരുമകളുടെ നിർബന്ധത്താൽ മകന്റെ പേരിലേക്ക് മാറ്റുകയും ആ വസ്തുക്കൾ പണയപ്പെടുത്തി വീടുവയ്ക്കുകയും ചെയ്തു. ബാക്കി വന്ന തുക എവിടെയാണെന്ന് പോലും അമ്മയ്ക്ക് അറിയില്ല. 10 വർഷങ്ങൾക്ക് മുൻപ് മകൻ ഒരുമുഴം കയറിൽ ജീവൻ അവസാനിപ്പിച്ചത് എന്തിനാണെന്ന് പോലും ഇന്നും ആ അമ്മയ്ക്ക് അറിയില്ല.
വർഷങ്ങൾക്ക് മുന്പ് ഒരു ദിവസം തന്നെ കാണാൻവന്ന സഹോദരനോട് ലക്ഷ്മികുട്ടിയമ്മ താനനുഭവിക്കുന്ന ദുരവസ്ഥ കണ്ണീരോടെ വിവരിച്ചപ്പോൾ അത് സഹിക്കാൻ കഴിയാതിരുന്ന സഹോദരൻ ആർ ഡി.ഓ യ്ക്ക് പരാതി നൽകുകയും തുടർന്ന് കേസാവുകയും ചെയ്തു. യാതൊരു കാരണവശാലും ലക്ഷ്മികുട്ടിയമ്മയെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കരുതെന്നും അവർക്കു സന്തോഷവും സമാധാനവും പ്രധാനം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുള്ളതാണ്.
അടുത്ത രാത്രി ആ വീട്ടിൽനിന്നും ലക്ഷ്മികുട്ടിയമ്മയുടെ കരച്ചിൽ കേൾക്കാനിടയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗ്രിൽ ഇട്ടു മറച്ച മുറിക്കുള്ളിലായിരുന്നു അവരെ പൂട്ടിയിട്ടിരുന്നത്. തുറക്കാനായി താക്കോൽ കാണാതെവരികയും ചെയ്തതോടെ നാട്ടുകാരിൽ ചിലർ മനുഷ്യാവകാശ കമ്മീഷനെയും പോലീസിനെയും അറിയിക്കുയും ചെയ്തു. തുടർന്ന് ചടയമംഗലം എസ്ഐ. ഷുക്കൂർ, എഎസ്ഐ. വിനൂപ് എന്നിവരെത്തി പൂട്ട് തല്ലിപ്പൊളിച്ചു അകത്തുകടന്നു.
മലമൂത്ര വിസർജ്യങ്ങളുടെയും ദിവസങ്ങളോളം പഴകിയ ഭക്ഷണാവശിഷ്ടങ്ങളുടെയും നടുവിൽ ഉറുമ്പരിച്ചു മുഷിഞ്ഞ വസ്ത്രവുമായി വിറച്ചു കിടക്കുന്ന വയോധികയായ അമ്മയെയാണ് അവർ കണ്ടത്. തുടർന്ന് പോലീസ് അമ്മയെ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ശുശ്രൂഷകൾ നല്കിയതിനുശേഷം തുടർ സംരക്ഷണത്തിനായി കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു.