കുരുവിക്കൂട്: മുട്ടനാടിനെ ലേലംപിടിച്ച് മാണി സി. കാപ്പൻ എംഎൽഎ. കുരുവിക്കൂടിൽ പ്രവർത്തിക്കുന്ന നാട്ടുചന്തയിൽ അപ്രതീക്ഷിതമായാണ് കഴിഞ്ഞദിവസം എംഎൽഎ എത്തിയത്. ഈ സമയം മുട്ടനാടിന്റെ ലേലം പൊടിക്കുകയായിരുന്നു. ഒട്ടും മടിച്ചില്ല, കാപ്പനും ലേലത്തിൽ പങ്കെടുത്തു.
എംഎൽഎയും ലേലത്തിൽ പങ്കുചേർന്നതോടെ മുട്ടനാടിനും വിലകൂടി. ഒടുവിൽ 16000രൂപയ്ക്കാണ് കാപ്പൻ മുട്ടനാടിനെ സ്വന്തമാക്കിയത്. ഇതോടൊപ്പം ഒരു നേന്ത്രക്കുലയും ചേനയും ലേലംവിളിച്ചെടുക്കുകയും ചെയ്തു.
എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും തളിർപച്ചക്കറി ഉത്പാദക സംഘവും സംയുക്തമായി എല്ലാ വ്യാഴാഴ്ചയും കുരുവിക്കൂട് കവലയിലാണ് നാട്ടുചന്ത നടത്തുന്നത്. കാർഷിക വിഭവങ്ങളും വളർത്തു മൃഗങ്ങളും തനി നാടൻ ഉൽപ്പന്നങ്ങളുമാണ് നാട്ടുചന്തയിലെ മുഖ്യ ആകർഷണം. പഞ്ചായത്ത് മെംബർ മാത്യൂസ് പെരുമനങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് മെംബർ റോസ്മിജോബി, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് തുടങ്ങിയവർ എംഎൽഎയെ നാട്ടു ചന്തയിൽ സ്വീകരിച്ചു.
തളിർ പച്ചക്കറി ഉത്പാദക സംഘം ഭാരവാഹികളായ ബേബി വെച്ചൂർ, സാവിച്ചൻ പാംപ്ലാനിയിൽ,ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, ജിബിൻ വെട്ടം, അനിൽകുമാർ മഞ്ചക്കുഴിയിൽ, രാജു അന്പലത്തറ എന്നിവർ ലേലംവിളിക്ക് നേതൃത്വം നല്കി.