എരുമേലി: ലേലം മൂന്ന് തവണ നടത്തിയിട്ടും അഴിയാതെ നിയമക്കുരുക്ക്. എരുമേലി പഞ്ചായത്ത് അധികൃതർക്കാണ് ലേലം തലവേദനയായത്.
പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ രണ്ട് കട മുറികളുടെ ലേലമാണ് കുരുക്കിലായത്. കഴിഞ്ഞ ദിവസം ഈ കടമുറികൾ ലേലം ചെയ്തതും പഞ്ചായത്ത് രാജ് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ഇപ്പോഴത്തെ പരാതി.
നേരത്തെ രണ്ട് തവണ ലേലം നടന്നെങ്കിലും ചട്ട ലംഘനം ഉന്നയിച്ച് പരാതികൾ എത്തിയതോടെ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതേത്തുടർന്ന് രണ്ട് മുറികളും പട്ടിക ജാതി സംവരണമാക്കാൻ അധികൃതർ നിർബന്ധിതരായി.
ഇതിന് ശേഷമാണ് മൂന്നാം തവണ കഴിഞ്ഞ ദിവസം ലേലം നടന്നത്. എന്നാൽ ഇതും ചട്ട ലംഘനം ആണെന്നാണ് ഇപ്പോഴത്തെ പരാതി.
ആദ്യ തവണ ലേലം നടന്നത് കട മുറികളെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു. ഈ ലേലത്തിൽ പങ്കെടുത്തവർ വാടകനിരക്ക് കൂടുതലാണെന്ന് അറിയിച്ച് ലേലം വിളിക്കാതെ പിന്മാറി.
ഇതോടെ ലേലം പരാജയപ്പെട്ടു. അപ്പോഴാണ് നേരത്തെ ലഭിച്ച ഉത്തരവ് ചൂണ്ടിക്കട്ടി സംവരണം ആവശ്യപ്പെട്ട് പരാതി ഉയർന്നത്.
ഇനി കടമുറികൾ ലേലം ചെയ്യുമ്പോൾ ആനുപാതികമായുള്ള സംവരണം ഉറപ്പാക്കണമെന്നായിരുന്നു ഉത്തരവ്.
നിലവിൽ ബസ് സ്റ്റാൻഡിൽ രണ്ട് കട മുറികൾ സംവരണത്തിൽ നൽകിയിട്ടുള്ളതിനാൽ ഇനി സംവരണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ആദ്യം പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ അധികൃതർ.
സംവരണം
എന്നാൽ നേരത്തെയുള്ള ഉത്തരവുമായി പരാതി കിട്ടിയതോടെ സംവരണം ഉറപ്പാക്കാതെ പറ്റില്ലെന്നായി.
ലേലം ചെയ്യാൻ തീരുമാനിച്ച രണ്ട് കട മുറികൾ അങ്ങനെ പട്ടികജാതി സംവരണം ആക്കാൻ ഇതോടെ തീരുമാനമായി.
ഇതോടെ ഇനി പ്രശ്നങ്ങൾ ഇല്ലെന്ന് കരുതി രണ്ടാമത് ലേലം നടത്താൻ ഒരുങ്ങുമ്പോഴാണ് വീണ്ടും പരാതി എത്തിയത്.
സംവരണം ചെയ്ത കട മുറികൾ ലേലം ചെയ്യരുതെന്ന പഞ്ചായത്ത് രാജ് ചട്ടം ചൂണ്ടിക്കാട്ടിയാണ് ഈ പരാതി എത്തിയത്.
നിയമം പരിശോധിച്ചപ്പോൾ ഇക്കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ട അധികൃതർ ലേലം റദ്ദാക്കി. ഇതോടെ പട്ടികജാതിക്കാരിൽ നിന്ന് മാത്രം അപേക്ഷകൾ സ്വീകരിച്ച് കട മുറികൾ നൽകാൻ തീരുമാനിച്ചു.
വീണ്ടും പരാതി
ഇനി കുഴപ്പങ്ങളൊന്നുമില്ല എന്ന് ആശ്വസിച്ചിരിക്കുമ്പോൾ ആണ് അടുത്ത പരാതി എത്തിയത്.
സംവരണം ചെയ്ത കട മുറികൾ ലേലം ചെയ്യരുതെന്നാണ് പഞ്ചായത്ത് രാജ് ചട്ടമെന്നും യോഗ്യരായ അപേക്ഷകൾ പരിശോധിച്ച് മുൻഗണന നിശ്ചയിച്ച് നൽകണമെന്നാണ് ചട്ടമെന്നും ഈ പരാതിയിൽ പറയുന്നു.
ഇതോടെ വെട്ടിലായിരിക്കുകയാണ് അധികൃതർ. പഞ്ചായത്ത് രാജ് നിയമങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ ഔദ്യോഗിക പുസ്തകം വരുത്തി സൂക്ഷ്മ പരിശോധന നടത്തിയിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സംവരണ മുറികൾ ലേലം ചെയ്യരുതെന്ന് പുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും യോഗ്യരായ അപേക്ഷകരിൽ നിന്ന് ലേലം നടത്താൻ പാടില്ലെന്നോ ലേലം നടത്താമെന്നോ ചട്ടത്തിൽ പറയുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇക്കാര്യങ്ങൾ ഉന്നയിച്ച് പുതിയ പരാതി വകുപ്പ് മന്ത്രിമാർ, ഡയറക്ടർ എന്നിവർക്ക് നൽകിയെന്ന് പൊതു പ്രവർത്തകരായ പി.ഡി. ദിഗീഷ്, ബിജു വഴിപ്പറമ്പിൽ എന്നിവർ അറിയിച്ചു.