ഒരു ചെറുനാരങ്ങയ്ക്ക് എന്തായാലും പത്ത് രൂപയിൽ താഴെ ആയിരിക്കും വില. എന്നാൽ കാഴ്ചയിൽ ചെറിയവനാണെങ്കിലും തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ ഇത് വിറ്റുപോയത് 35,000 രൂപയ്ക്കാണ്.
ശിവരാത്രിയിൽ നിവേദിച്ച ചെറു നാരങ്ങയാണ് ഈ തുകയ്ക്ക് ലേലത്തിൽ പോയത്. സേലത്തിന് സമീപം ശിവഗിരി ഗ്രാമത്തിലെ പഴപൂശയൻ ക്ഷേത്രത്തിലാണ് വലിയ തുകയ്ക്ക് ചെറുനാരങ്ങ ലേലം നടന്നത്.
ശിവരാത്രി ആഘോഷ സമയത്ത് നിവേദിച്ച ചെറുനാരങ്ങയും പഴങ്ങളും വിശ്വാസ പ്രകാരം ക്ഷേത്രത്തിൽ നിന്ന് ലേലം ചെയ്യും. ഈ നാരങ്ങ ഉയർന്ന തുകയ്ക്ക് ലേലം പിടിക്കുന്ന വ്യക്തിക്ക് വരും വർഷങ്ങളിൽ ആരോഗ്യവും സമ്പത്തും ലഭിക്കുമെന്ന വിശ്വാസമാണ് ക്ഷേത്രത്തിലെ ലേലത്തെ സവിശേഷമാക്കുന്നത്.
15 പേരാണ് ക്ഷേത്ര പൂജാരിയുടെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ പങ്കെടുത്തത്. സേലം സ്വദേശിയാണ് ലേലത്തിൽ നാരങ്ങ സ്വന്തമാക്കിയത്. ക്ഷേത്രത്തിൽ ചെറുനാരങ്ങ പൂജ നടത്തിയതിന് ശേഷമാണ് ലേലത്തിൽ വിജയിച്ച വ്യക്തിക്ക് കൈമാറിയത്.