കൊച്ചി: വിലയുടെ കാര്യത്തില്‍ നാരങ്ങ ചെറുതല്ല, വലുതുതന്നെ. കേരളത്തിലടക്കം ഇരുനൂറും കടന്നുകുതിക്കുകയാണ് ചെറുനാരങ്ങയുടെ വില.
വേനലിനൊപ്പം നോമ്പുകാലവും കൂടിയായ ഈ സാഹചര്യത്തില്‍ ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരേറെയാണെന്നതും അതിനനുസരിച്ച് ഉത്പന്നം എത്തുന്നില്ലെന്നതുമാണ് വിലയേറ്റത്തിന്റെ പ്രധാന കാരണം.
അതുകൊണ്ട് നാരങ്ങാവെള്ളം കുടിച്ച് ദാഹമകറ്റാന്‍ ശ്രമിച്ചാലും പൊള്ളുമെന്നതാണ് അവസ്ഥ. നിലവില്‍ നാരങ്ങാവെള്ളത്തിനു കാര്യമായ വിലവ്യത്യാസം ഉണ്ടായിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അതിനു സാധ്യതയില്ലാതില്ല.
കൊച്ചിയിലടക്കം 130-150 റേഞ്ചില്‍ മൊത്തവ്യാപാരം നടക്കുന്നുണ്ടെങ്കിലും ചില്ലറ വിൽപ്പനയ്ക്ക് 200നു മുകളിലേക്കാണ് നിരക്ക്.
ഒരുകിലോ നാരങ്ങയുടെ വിലയ്ക്ക് രണ്ടുലിറ്റര്‍ പെട്രോളടിക്കാമെന്നതാണ് രാജ്യത്തെ പലയിടത്തേയും അവസ്ഥ. രാജ്യത്തെ തന്നെ ചെറുനാരങ്ങയുടെ പ്രമുഖ ഉത്പാദന കേന്ദ്രങ്ങളായ ആന്ധ്രയിലും ഗുജറാത്തിലുമൊക്കെ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തില്‍ കുറവുണ്ടായതാണ് വിലയേറ്റത്തിനു കാരണമെന്നാണ് മൊത്തവ്യാപാരികളുടെ വിലയിരുത്തല്‍.
അതേസമയം വിളവെടുപ്പ് ജൂണ്‍-ജൂലൈ മാസത്തിലാണ് കാര്യമായി നടക്കുക. നിലവില്‍ ഡിമാന്‍ഡ് ഏറിയതും വിലവര്‍ധനയ്ക്ക് കാരണമായതായും ഇവര്‍ പറയുന്നു.
ഉത്തരേന്ത്യന്‍ നഗരങ്ങളിലും ചെറുനാരങ്ങയ്ക്ക് പൊന്വിലയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഡല്‍ഹിയിലടക്കം ഒരെണ്ണത്തിനു 10-15 രൂപ വരെ ഈടാക്കുന്നുവെന്നാണ് അറിവ്.
കിലോയ്ക്ക് ഇവിടെ 290നു മുകളിലേക്കാണ് നിരക്ക്. ഗുജറാത്തിലെ നഗരങ്ങളില്‍ 250-400 നിരക്കിലാണ് വിൽപ്പന.