പത്തനംതിട്ട: ചൂടുകാലമായതോടെ വിപണിയില്‍ ചെറുനാരങ്ങ സുലഭമായി. ചന്തകളിലെ വില്പന കൂടാതെ വഴിയോരങ്ങളിലും ലഭ്യമാണ്.
കേടില്ലാത്ത നാരങ്ങയ്ക്ക് കിലോഗ്രാമിന് അമ്പത് രൂപയാണ് ഇപ്പോള്‍ വില. തമിഴ്നാട്ടില്‍ തെങ്കാശിക്കടുത്ത് പുളിയംകുടിയില്‍ നിന്നാണ് പത്തനംതിട്ടയില്‍ ചെറുനാരങ്ങ എത്തുന്നത്. ഏജന്റുമാര്‍ ലേലത്തില്‍ പിടിച്ചാണ് മാര്‍ക്കറ്റുകളിലെത്തിക്കുന്നത്.
ഒരു ചാക്ക് നാരങ്ങ അമ്പത് കിലോയുണ്ടാകും. അതില്‍ എട്ട് കിലോയോളം കേടായിരിക്കും. അത് വില താഴ്ത്തി വില്‍ക്കും. കല്യാണങ്ങള്‍ക്കും മറ്റു വലിയ ചടങ്ങുകള്‍ക്കും ആവശ്യത്തിന് അനുസരിച്ചാണ് നാരങ്ങ ഇറക്കുന്നത്.
പണ്ട് നാരങ്ങ കേടാകാതെ ഒരാഴ്ചയോളം ഇരിക്കുമായിരുന്നു. ഇപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ ഞെട്ടിന്റെ ഭാഗം കറുത്ത് ചീഞ്ഞു പോകും.
ഇപ്പോഴത്തെ വീര്യമേറിയ വളപ്രയോഗമാണ് നാരങ്ങ പെട്ടെന്ന് കേടാകാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
മരത്തില്‍ നിന്ന് പുലര്‍ച്ചെ പറിച്ചെടുത്താല്‍ വൈകുന്നേരം വിപണിയിലെത്തിക്കും. ലേലത്തില്‍ എടുക്കുന്നവര്‍ നല്ലത് തിരഞ്ഞ് തൂക്കിയെടുത്താലും കേടാകാന്‍ അധികനാള്‍ വേണ്ടിവരില്ല. ഇനി ഇപ്പോള്‍ ഉത്പാദനം കുറയും.
ഈ സമയത്താണ് നാരങ്ങയുടെ വിലയേറുന്നത്. പത്തനംതിട്ട മാര്‍ക്കറ്റില്‍ കിലോയ്ക്ക് മുന്നൂറ് രൂപ വരെ വിലയേറിയിരുന്നു.