ആർട്ടിക്കിൽ 21ലെ താമരൈ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നല്ല രീതിയിൽ ബുദ്ധിമുട്ടി. സിനിമയ്ക്ക് വേണ്ടി ശരീരഭാരം നന്നായി കുറക്കേണ്ടി വന്നു.
സാജൻ ബേക്കറി എന്ന സിനിമയിലെ ബെറ്റ്സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നത്.
അഞ്ച് ദിവസം മാത്രം സമയമുള്ളതുകൊണ്ട് പട്ടിണികിടക്കുകയല്ലാതെ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. വെള്ളം മാത്രം കുടിച്ചായിരുന്നു അഞ്ച് ദിവസം കഴിഞ്ഞത്.
അതിനുശേഷം മേക്കപ്പ്മാൻ റഷീദ് അഹമ്മദ് എന്നിൽ നടത്തിയ മേക്കോവർ അപാരമായിരുന്നു. റെയിൽവേ ട്രാക്കിനരികിലെ മണ്ണിൽ മുഖമടിച്ച് വീണുകിടക്കുന്ന ഒരു രംഗം സിനിമയിലുണ്ട്.
അത് ചെയ്യുമ്പോൾ നന്നായി ബുദ്ധിമുട്ടി. മാലിന്യം നിറഞ്ഞ മണ്ണിൽ ഏറെ നേരം കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ അറിയാമല്ലോ. ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ.
അതുകൊണ്ടുതന്നെ താമരയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ടുമൂന്ന് മണിക്കൂറിനുള്ളിൽ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്.
അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കിയിട്ട് എന്റെ നാല് പല്ലുകളാണ് കേടുവന്നത്. അത് ശരിയാക്കാൻ രണ്ടുതവണ പല്ലിൽ റൂട്ട് കനാൽ ചെയ്യേണ്ടിവന്നു. -ലെന