കൊച്ചി: കൊച്ചി നഗരത്തിൽ ശ്വാസകോശ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഞെട്ടിക്കുന്നതാണെന്ന് ഡോക്ടർമാർ. നഗരത്തിലെ അഞ്ചു ആശുപത്രികളിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ ശ്വാസകോശ വിദഗ്ധരായ ഡോക്ടർമാരുടെയടുക്കൽ ചികിത്സ തേടിയെത്തിയത് 60,000 രോഗികൾ. കൊച്ചി മെട്രോ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി പുറംതള്ളുന്ന പൊടിയും നിരത്തുകളിലും വീടുകളുടെയും ഫ്ലാറ്റുകളുടെയും പരിസരങ്ങളിലും കൂട്ടിയിട്ടു കത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യവുമെല്ലാം വില്ലനാവുന്നുവെന്നു കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെ സീനിയർ കണ്സൾട്ടന്റ് പൾമണോളജിറ്റ് ഡോ. ജേക്കബ് ബേബി പറഞ്ഞു.
സ്പെഷലിസ്റ്റ് ഡോക്ടർമാരെ മാത്രം സന്ദർശിച്ചവരുടെ എണ്ണമാണ് 60,000. മറ്റു ചെറിയ ആശുപത്രികളിലെ കണക്കുകൂടി എടുത്താൽ നഗരത്തിലെ ശ്വാസകോശ രോഗികളുടെ എണ്ണം അതിഭയാനകമായിരിക്കും. കേരളത്തിൽ 15 മുതൽ 39 വയസു വരെയുള്ളവരുടെ മരണത്തിനുള്ള രണ്ടാം കാരണവും 40 മുതൽ 69 പ്രായത്തിലുള്ളവരുടെ മരണത്തിനുള്ള നാലാമത്തെ കാരണവും ഗുരുതരമായ ശ്വാസകോശരോഗങ്ങളാണെന്നു അദ്ദേഹം വ്യക്തമാക്കി.
ആസ്തമ, സിഒപിഡി എന്നിവ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായി മരുന്നു കഴിച്ചാൽ ആസ്തമ നിയന്ത്രണ വിധേയമാക്കാം. സ്പോർട്സിലടക്കം നല്ല പ്രകടനം കാഴ്ചവയ്ക്കുന്നതിനു ആസ്തമ തടസമാവില്ലെന്ന് ഡോ. ജേക്കബ് ബേബി പറഞ്ഞു. എന്നാൽ ഫലപ്രദമായും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ഇൻഹേലറുകൾ രൂപപ്പെടുത്തുകയെന്നതായിരുന്നു ഈ രംഗത്തെ വെല്ലുവിളിയെന്ന് സിൽവർലൈൻ ആശുപത്രിയിലെ ഡോ. രമേഷ് നായർ പറഞ്ഞു.
ആവശ്യമായ രീതിയിൽ മരുന്ന് ഉപയോഗിക്കാതിരിക്കുന്നതും ഇൻഹേലറുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാതിരിക്കുന്നതും രോഗം ഗുരുതരമാക്കും. ശ്വാസകോശ രോഗങ്ങൾ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ ഇൻഹേലർ ഉപകരണം “സിങ്കോബ്രീത്’ കൊച്ചിയിൽ നടന്ന ചടങ്ങിൽ വിപണിയിൽ അവതരിപ്പിച്ചു.
സിപ്ല എന്ന കന്പനിയാണ് ഉപകരണം വിപണിയിൽ എത്തിച്ചത്. കുറഞ്ഞ ആയാസത്തിൽ കൃത്യമായി മരുന്ന് ശ്വാസകോശത്തിൽ എത്തുകയും മരുന്നിന്റെ അളവ് കൃത്യമായി അറിയാൻ കഴിയുമെന്നതുമാണ് പുതിയ ഉപകരണത്തിന്റെ മേന്മയെന്നു സിപ്ല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജയദീപ് ഗോഗ്തേ പറഞ്ഞു.
പൂർണമായും ഇന്ത്യൻ ലാബോറട്ടറിയിൽ നിർമിച്ചതാണിത്. ഇൻഹേലറുകൾ കൃത്യമായി ഉപയോഗിക്കാൻ ഡോക്ടർമാരും നഴ്സുമാരും മുൻകൈ എടുത്താൽ മാത്രമേ പൂർണമായ ഗുണഫലം ലഭിക്കുകയുള്ളുവെന്ന് ഡോ. രമേഷ് നായർ ചൂണ്ടിക്കാട്ടി.