മുണ്ടക്കയം ഈസ്റ്റ്: പുലിയെ പേടിച്ച് നാട്ടുകാർ. മൗനത്തിൽ അധികൃതർ.
ചെന്നാപ്പാറ, കുപ്പക്കയം എന്നിവിടങ്ങളിലാണ് പുലിയെ തൊഴിലാളികൾ കണ്ടത്.
കഴിഞ്ഞ രണ്ടാഴ്ചയായി ചെന്നാപ്പാറ, കൊന്പുകുത്തി മേഖലയിലെ നിരവധി ആളുകളാണ് പുലിയെ കണ്ടത്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ കുപ്പക്കയം മേഖലയിലും പുലിയെ കണ്ടതായി തൊഴിലാളികൾ പറയുന്നത്.
കൊന്പുകുത്തി, മതന്പ വനാന്തരങ്ങളിൽ നിന്നു കാടിറങ്ങിയതെന്നു കരുതുന്ന പുലിയെ രണ്ടാഴ്ച മുൻപാണ് ടാപ്പിംഗ് തൊഴിലാളിയായ ചെന്നാപ്പാറ മുകൾ സ്വദേശി മോഹനൻ കണ്മുന്നിൽ കണ്ടത്.
തുടർന്ന് ഒരാഴ്ച മുൻപ് എസ്റ്റേറ്റ് ഫീൽഡ് ഓഫീസർ റെജിയുടെ ക്വാർട്ടേഴ്സിന്റ സിറ്റൗട്ടിൽ എത്തിയ പുലി വളർത്തു നായയെ ഉപദ്രവിച്ചിരുന്നു. ശബ്ദം കേട്ട് വീടിന്റെ വാതിൽ തുറന്ന റെജി കണ്ടത് പുലി ഓടിപ്പോകുന്നതാണ്.
രണ്ട് ദിവസം മുന്പ്് കുപ്പക്കയം സ്വദേശി വേണു എസ്റ്റേറ്റിലെ ജോലിക്കിടയിൽ രണ്ട് പുലികളെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. തൊഴിലാളികൾ അറിയിച്ചതനുസരിച്ച് വനംവകുപ്പ് സ്ഥലത്തെത്തി കാമറകൾ സ്ഥാപിച്ചു.
കാമറകൾ
മുന്പ് ചെന്നാപ്പാറ മേഖലയിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ കാമറ സ്ഥാപിച്ചെങ്കിലും ഇതിൽ പുലിയുടെ ദൃശ്യങ്ങൾ പറഞ്ഞിരുന്നില്ല.
നാല് കാമറകളാണ് ചെന്നാപ്പാറ മേഖലയിൽ വനം വകുപ്പ് സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണമാണ് ഇപ്പോൾ കുപ്പക്കയത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നത്.
കാമറയിൽ നിന്നു വ്യക്തമായ ദൃശ്യങ്ങൾ കിട്ടിയാൽ മാത്രമേ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ സാധ്യമാകുകയുള്ളൂ.
മതന്പ ഡിവിഷൻ പ്രദേശങ്ങളിൽ ഇപ്പോൾ എസ്റ്റേറ്റ് ജോലികൾ നടക്കാത്തതു മൂലം തോട്ടം കാട് കയറിയ നിലയിലാണ്. ഇതാകാം വന്യജീവികൾ കാടിറങ്ങുന്നതിനുള്ള കാരണമെന്നും പറയപ്പെടുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ തൊഴിലാളികൾ വളർത്തുന്ന നിരവധി പശുക്കളെയും വളർത്തുനായകളേയും കാണാതായിട്ടുണ്ട്.
പുലിയെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് തൊഴിലാളികൾ പറയുന്നു.
അടിയന്തരമായി ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കണമെന്നു തൊഴിലാളികൾ ആവശ്യപ്പെടുന്നു.