കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം അകലം. വിജയ് ചിത്രം ‘ലിയോ’ നാളെ പുലര്‍ച്ചെ നാലുമുതല്‍ കേരളത്തിലെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കും.
കേരളത്തില്‍ ഒരു ഇതരഭാഷാചിത്രത്തിന് ലഭിക്കുന്ന എറ്റവും വലിയ പ്രീ റിലീസ് ബുക്കിംഗ് എന്ന ഖ്യാതിയുമായാണ് ചിത്രം എത്തുന്നത്.
നാളെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ആദ്യ പ്രദർശനം തമിഴ്നാട്ടില്‍ പുലർച്ചെ നാലിന് അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
രാവിലെ 9ന് ആദ്യ പ്രദർശനം നടത്താനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. രജനികാന്തിന്റെ ‘ജയിലർ’ പുലർച്ചെ പ്രദർശനം അനുവദിച്ചിരുന്നു.
എന്നാൽ വിജയ് ചിത്രത്തിന് എന്തുകൊണ്ട് അനുമതി നൽകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ രംഗത്തെത്തിയിരുന്നു.
ലിയോ സിനിമയുടെ പ്രദർശനം വൈകിക്കാനുള്ള ഡിഎംകെ സർക്കാരിന്റെ അജണ്ടയാണിതെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.
അതേസമയം കേരളത്തിൽ പുലർച്ചെ 4ന് പ്രദർശനമുണ്ടാകും. 4.00, 7.15, 10.30 എഎം, 2.00, 5.30, 9.00, 11.59 പിഎം എന്നിങ്ങനെയാണ് കേരളത്തിലെ ആദ്യദിന ഷോ സമയക്രമം.
ഒരു ദിവസം ഏഴ് ഷോകളെന്ന തരത്തിലാണ് പ്രദർശനം ഉണ്ടാകുക. തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഫാൻസ് ഷോകൾ ഇല്ലാത്തതിനാൽ കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിൽ വലിയ തിരക്ക് തന്നെ പ്രതീക്ഷിക്കാം. ഉത്തരേന്ത്യയിൽ രാവിലെ 11.30 മണി മുതലാണ് ഷോ ഉണ്ടാവുക.