വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ‘ലിയോ’ തിയറ്ററിൽ തരംഗം തീർക്കുകയാണ്.
രണ്ട് ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രത്തിന് 68 കോടി ലഭിച്ചെന്നാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് 70 കോടിയിലേറെ ചിത്രം നേടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിൽ നിന്ന് 12 കോടിയാണത്രേ വരുമാനം.
ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫല കണക്കുകളും പുറത്തുവന്നിരിക്കുകയാണ്. വിജയ് തന്നെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ രണ്ടാം സ്ഥാനത്ത് നടി തൃഷയല്ല കേട്ടോ, മറിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. തൃഷയ്ക്കും ലഭിച്ചിട്ടുണ്ട് കോടികൾ.
അപ്പോൾ പിന്നെ സംവിധായകൻ ലോകേഷ് കനകരാജിനും വമ്പൻ പ്രതിഫലം ലഭിച്ചിട്ടുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അനിരുദ്ധായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്.
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്പിനേഷനിൽ ഒരു സിനിമ എത്തുന്നത്. ലിയോയ്ക്കായി തൃഷ വാങ്ങിയത് 7 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
ലോകേഷിന്റെ സിനിമകളിലെ വില്ലൻമാർ നായക താരത്തെ അക്ഷരാർഥത്തിൽ വിറപ്പിക്കുന്ന വില്ലൻമാരായിരിക്കും. ചിത്രത്തിൽ പ്രധാന വില്ലനായി എത്തിയ സഞ്ജയ് ദത്താണ് നായനായ വിജയ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ച നടൻ, 10 കോടിയാണത്രേ സഞ്ജയ് ദത്ത് വാങ്ങിയത്.
മറ്റൊരു പ്രധാന വില്ലനായ ഹരോള്‍ഡ് ദാസിനെ അവതരിപ്പിച്ച തമിഴ് നടൻ അർജുൻ സർജയ്ക്ക് ലഭിച്ചത് 2 കോടി രൂപയാണ്.
മറ്റൊരു പ്രധാന കഥാപാത്രമായ ഗൗതം വസുദേവ് മേനോന് 70 ലക്ഷവും പ്രിയ ആനന്ദ് 50 ലക്ഷവും ലഭിച്ചു. മിസ്കിനും മൻസൂർ അലി ഖാനും 50 ലക്ഷം വരെ ലഭിച്ചെന്നാണ് വിവരം.
മലയാളിയായ യുവ താരം മാത്യു തോമസിന് വളരെ അധികം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തിൽ ലഭിച്ചത്.
എന്നാൽ മാത്യുവിന് എത്ര പ്രതിഫലം ലഭിച്ചെന്ന വിവരം പുറത്തുവന്നിട്ടില്ല. മാത്യുവിനും കോടികൾ കിട്ടിയോ എന്നാണ് ആരാധകരുടെ ആകാംക്ഷ.
‘ലിയോ’യിൽ ഒഴിച്ച് കൂടാനാവത്തതാണ് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം. പതിവ് പോലെ തന്നെ ലിയോയിലും കിടിലൻ സംഗീതമായി അനിരുദ്ധ് ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്കായി 8 കോടിയാണത്രേ അനിരുദ്ധ് പ്രതിഫലമായി വാങ്ങിയത്.
വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ലിയോയിലെ പാർത്ഥിപൻ എന്നാണ് പ്രേക്ഷകർ പറയുന്നത്.
പാർത്ഥിപനായി നിറഞ്ഞാടാൻ ലിയോയ്ക്ക് 120 കോടിയാണ് പ്രതിഫലം ആയി കിട്ടിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് വാങ്ങിയത് 25 കോടിയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.