ഒരു വര്ഷം മുമ്പ് ചെങ്ങന്നൂരിലെ വീട്ടിലെ ടാപ്പില് നിന്നും ഭൂഗര്ഭ മത്സ്യം പുറത്തു വന്നത് ഇപ്പോള് ആഗോള തലത്തില് തന്നെ വാര്ത്തയായിരിക്കുകയാണ്.
തിരുവന്വണ്ടൂരിലെ വീട്ടിലെ കുളിമുറിയില് കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഏബ്രഹാം അക്കാര്യം ശ്രദ്ധിക്കുന്നത്.
ഒരു ചെറുമീന് ടാപ്പില് നിന്ന് ചാടി ബക്കറ്റില് വന്നിരിക്കുന്നു. അതൊരു അതൊരു ആഗോള വാര്ത്തയാകും എന്നൊന്നും ഈ മുന് പട്ടാളക്കാരന് കരുതിയില്ല.
ഇക്കാര്യം ടൈറ്റാനിക് താരം ലിയനാര്ഡോ ഡി കാപ്രിയോ ഇന്സ്റ്റഗ്രാമില് പങ്കുവെച്ചതാണ് ഇപ്പോള് ചര്ച്ചാ വിഷയം.
ഡി കാപ്രിയോയുടെ റീവൈല്ഡ് എന്ന ബ്ലോഗില് അമേരിക്കന് എഴുത്തുകാരിയായ ലോറ മൊറോനോ ഇതേക്കുറിച്ച് വിശദമായി എഴുതിയ കാര്യമാണ് താരം ഇന്സ്റ്റഗ്രാമില് പങ്കുവെച്ചത്.
ഒരു പരിസ്ഥിതി പ്രവര്ത്തകന് കൂടിയായ ഡികാപ്രിയോ ചൊവ്വാഴ്ചയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ശുദ്ധജല മല്സ്യമായ പാന്ജിയോ പാതാള (Pangio Pathala) എന്ന മീനാണ് അത്.
കേരള ഫിഷറീസ് ആന്ഡ് ഓഷ്യന് സ്റ്റഡീസ് സര്വകലാശാലയിലെ (Kufos – കുഫോസ്) ഒരു സംഘം ഗവേഷകരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതോടെ, 2015 മുതല് കേരളത്തിലുടനീളം തങ്ങള് നടത്തിയ സര്വേ ആഗോള ശ്രദ്ധ നേടിയതായി കുഫോസ് അസിസ്റ്റന്റ് പ്രൊഫസര് രാജീവ് രാഘവന് മാധ്യമങ്ങളോടു പറഞ്ഞു
ഇപ്പോള് സ്റ്റേജ് ഡെക്കറേറ്ററായ എബ്രഹാം അന്നത്തെ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ…അതൊരു ചുവന്ന നൂലാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അത് അനങ്ങുന്നത് ശ്രദ്ധയില്പ്പെട്ടു.
നമ്മുടെ നാട്ടില് അത്തരം ജീവികളെ കണ്ടെത്തിയ വാര്ത്തകള് വായിച്ചത് ഓര്മയുണ്ടായിരുന്നു. അതു കൊണ്ട് അതിനെ ഒരു ജാറിലേക്ക് മാറ്റി.
പിന്നീട് അയല്വാസിയായ കോളേജ് പ്രൊഫസര് ബെന്നി തോമസിനെ ബന്ധപ്പെട്ടു.കുഫോസിലെ ഗവേഷകരെ വിവരം അറിയിക്കാന് പറഞ്ഞത് അദ്ദേഹമാണ്.
17 അടി താഴ്ചയുള്ള കിണറ്റില് നിന്നാണ് എന്റെ വാട്ടര് ടാങ്കിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ഞാന് ടാങ്ക് പരിശോധിച്ചപ്പോള് അത്തരത്തിലുള്ള മൂന്ന് മത്സ്യങ്ങളെ കൂടി കണ്ടെത്തി. എബ്രഹാം പറഞ്ഞു.
അത് എന്നെയും എന്റെ സുഹൃത്തുക്കളെയും ഇത്തരം സര്വേകളെക്കുറിച്ച് കൂടുതലറിയാന് പ്രേരിപ്പിച്ചു.
സമാനമായ ജീവികളെ കണ്ടെത്തിയാല് ഞങ്ങള് തീര്ച്ചയായും ബന്ധപ്പെട്ടവരെ അക്കാര്യം അറിയിക്കും”, അദ്ദേഹം കൂട്ടിച്ചേര്ത്തു.
പാന്ജിയോ പാതാള, അല്ലെങ്കില് പാതാള എല് ലോച്ച് (Pathala Eel Loach) സ്പീഷിസിലെ ‘പാതാള’ എന്ന വാക്ക് സംസ്കൃതത്തില് നിന്ന് ഉരുത്തിരിഞ്ഞതാണ്. 3.4 സെന്റീമീറ്റര് നീളമുണ്ട് ഈ മല്സ്യത്തിന്.
കുഫോസ് ഗവേഷക സംഘം 2015 മുതല് ഇത്തരം അഞ്ചിലധികം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള് ഈ നേട്ടം അന്താരാഷ്ട്ര തലത്തില് ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുഫോസ് സംഘം.
പൊതുജനങ്ങളുടെ പിന്തുണയോടെ മാത്രമേ ഇത്തരം ഇനങ്ങളെ കണ്ടെത്താനാകൂ എന്നും കുഫോസ് അസിസ്റ്റന്റ് പ്രൊഫസര് രാജീവ് രാഘവന് പറഞ്ഞു.
എറണാകുളത്തെ കുഫോസ് ലാബിലാണ് ഡോ.രാജീവ് രാഘവനും സംഘവും ഈ ചെറുമത്സ്യങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം നടത്തിയത്.