ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 11 ലെ താമസക്കാരനായ സുധാകരന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ബ്ലോക്ക് 11 ൽ ചോമാനി പ്രദേശത്തെ 382 നമ്പർ വീട്ടിലെ പ്രസവിച്ച് നാലുദിവസം മാത്രമായ ആടിനെയാണ് പുലി കടിച്ചുകൊന്നത്. വനത്തിനോടു ചേർന്ന പ്രദേശം കൂടിയാണിത്.
മുറ്റത്ത് കെട്ടിയ ആടിന് സമീപത്തുതന്നെ വീടിന്റെ തിണ്ണയിൽ സുധാകരനും കുടുംബവും കാവൽ കിടന്നിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് ഉണർന്ന സുധാകരനും കുടുംബവും പുലി ആടിനെ അക്രമിക്കുന്നതുകണ്ട് ഓടിയെത്തി പുതപ്പുകൊണ്ട് പ്രതിരോധിക്കുകയായിരുന്നു. പ്രസവിച്ച ആടായിരുന്നതുകൊണ്ടാണ് കൂട്ടിനുള്ളിൽ കെട്ടാതെ മുറ്റത്ത് കെട്ടിയിരുന്നത്.
വനത്തിനോട് ചേർന്ന മേഖലയായതുകൊണ്ടുതന്നെ ഇവിടെ ആനയുടെ ശല്യം അതിരൂക്ഷമാണ്. മുൻപ് ഈ പ്രദേശത്ത് കാട്ടാന ഒരു ജീവൻ എടുത്തിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം അതിരൂക്ഷമായ പ്രദേശത്ത് ജീവൻ പണയം വച്ച് വളർത്തു മൃഗത്തിന് കാവൽ കിടന്ന സുധാകരനും ഭാര്യ രമണിക്കും കുടുംബത്തിന്റെ വരുമാന മാർഗമാണ് നഷ്ടമായിരിക്കുന്നത്.
സംഭവമറിഞ്ഞ് വനം വകുപ്പും ആർആർടി സംഘവും പുലർച്ചെ സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ ഇന്നുതന്നെ ആരംഭിക്കും. പ്രദേശത്ത് പുലിയുടെ സാന്നിധ്യം തിരിച്ചറിയാൻ ഇന്നുതന്നെ നാല് നിരീക്ഷണക്കാമറകൾ സ്ഥാപിക്കുമെന്ന് കൊട്ടിയൂർ റെയ്ഞ്ചർ സുധീർ നേരോത്ത് അറിയിച്ചു