മഹാരാഷ്ട്ര രത്നഗിരി ജില്ലയിലെ രാജപുർ പോലീസ് സ്റ്റേഷനിൽ പുള്ളിപ്പുലിയുടെ ആക്രമണം! പുള്ളിപ്പുലിയുടെ വരവുകണ്ട് പോലീസുകാർ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു. പക്ഷേ, പുള്ളിപ്പുലിയുടെ ലക്ഷ്യം പോലീസുകാർ ആയിരുന്നില്ല. സ്റ്റേഷനിലേക്ക് ഓടിക്കയറിയ തെരുവുനായ്ക്കളായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
പരിസരങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ പോലീസ് സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. പിന്നാലെ പുള്ളിപ്പുലിയും വരുന്നു.
തുടർന്ന് കുരച്ചുകൊണ്ടു നായ്ക്കൾ ചിതറിയോടുന്നു. ചില നായ്ക്കൾ സ്റ്റേഷൻ കെട്ടിടത്തിന്റെ അകത്തേക്കു പ്രവേശിച്ചു. പിന്നാലെ പ്രവേശിച്ച പുള്ളിപ്പുലി നായ്ക്കളിലൊന്നിനെ കടിച്ചെടുത്തു കെട്ടിടത്തിന്റെ പുറത്തേക്കു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
തെരുവുനായ്ക്കൾ ധാരാളമായി അലഞ്ഞുതിരിയുന്ന പ്രദേശമാണിത്. കാടിറങ്ങിയ പുള്ളിപ്പുലി ഇവയെ ആക്രമിക്കുകയായിരുന്നു. അഞ്ചിലേറെ നായ്ക്കളാണു പോലീസ് സ്റ്റേഷൻ കെട്ടിടത്തിനുള്ളിലേക്ക് എത്തിയത്.