വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് ജനജീവിതത്തെ പലപ്പോഴും ബാധിക്കാറുണ്ട്. മനുഷ്യരേയും വളര്‍ത്തു മൃഗങ്ങളേയും ആക്രമിക്കുന്നതു മൂലം പല സ്ഥലങ്ങളിലും പകല്‍പോലും ഭീതിയോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്.
ഇത്തരത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭുസേ ഗ്രാമത്തില്‍ നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
രാത്രിയില്‍ വീടിനോടു ചേര്‍ന്ന് വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വളര്‍ത്തു നായയെ കൂറ്റന്‍ പുള്ളിപ്പുലി ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന ദൃശ്യം പേടിപ്പെടുത്തുന്നതാണ്.
വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വീടിനോട് ചേര്‍ന്ന വിശാലമായ വരാന്തയിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്.
പുലി ആക്രമിച്ചതോടെ നായ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.
നായയുടെ പിടലിയില്‍ പിടുത്തമിട്ട പുലി അതിനെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ ആകെ പരിഭ്രാന്തിയിലാണ്. മുമ്പ് പല തവണയും നാസിക്കിന്റെ സമീപപ്രദേശങ്ങളില്‍ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു കയറി അവ ആക്രമിക്കുന്നത് വിരളമാണ്.
സമൂഹമാധ്യമങ്ങളിലെത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെ മാത്രം ദൃശ്യം കണ്ടത്.
അതേസമയം മനുഷ്യര്‍ വന്യമൃഗങ്ങളുടെ ആവാസസ്ഥലം കൈയേറിയതിന്റെ പരിണിതഫലമാണ് ഇത്തരം സംഭവങ്ങളെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.