കണ്ണൂര്‍: കണ്ണൂരില്‍ നിന്നു പിടിയിലായ പുലിയെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതകള്‍ നീങ്ങുന്നില്ല. പുലിയുടെ ഉടമസ്ഥന്‍ കണ്ണൂരിലെ സമ്പന്നനല്ലെന്നു വ്യക്തമായതോടെയാണ് പുലി എവിടെ നിന്നു വന്നു എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. സര്‍ക്കസ് കൂടാരങ്ങളില്‍ പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പ്രദര്‍ശനങ്ങളില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ അത്തരം മൃഗങ്ങളെ ചിലര്‍ എടുത്തു വളര്‍ത്തിയിരുന്നു. ഒരു പക്ഷേ അത്തരത്തിലുള്ള പുലിയോ അവയുടെ കുഞ്ഞോ ആകാനും സാധ്യതയുണ്ട്. കണ്ണൂര്‍ നഗരത്തിലോ പരിസരങ്ങളിലോ ആണ് പുലിയെ വളര്‍ത്തിയിരുന്നതെങ്കില്‍ അതിന്റെ അലര്‍ച്ച സമീപ പ്രദേശങ്ങളില്‍ കേട്ടേനേ. ഇങ്ങനെ പുലിയുടെ അലര്‍ച്ച കേട്ടതായി ആരും പറഞ്ഞിട്ടില്ല. കണ്ണൂര്‍ ജില്ലക്ക് തൊട്ടു കിടക്കുന്ന കര്‍ണാടക കുടകിലെ ചില റിസോര്‍ട്ടുകളില്‍ പുലിയെ വളര്‍ത്തുന്നുണ്ടെന്ന വിവരമുണ്ട്. അവിടെ നിന്നും ചാടിപ്പോന്നതാണ് കണ്ണൂരിലെ പുലിയെന്ന സംശയവുമുണ്ട്. കര്‍ണ്ണാടകത്തിലെ കാഴ്ചബംഗ്ലാവില്‍ നിന്നും പുലികള്‍ പുറത്തുപോയ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്.
വളര്‍ത്തുപുലിയാണെന്ന വാദത്തിനിടയിലും എങ്ങനെ ഇവിടെ പുലി ഇവിടെ എത്തപ്പെട്ടു എന്നതു ചോദ്യചിഹ്നമായി തുടരുകയാണ്. കൊങ്കണ്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ പുലി വരുന്നത് സര്‍വ്വസാധാരണമാണ്. പശുക്കളേയും മറ്റും കൊന്നു തിന്നുന്ന പ്രശ്‌നത്തില്‍ അവിടത്തെ ഗ്രാമസഭകള്‍ പ്രതിഷേധം അറിയിക്കാറുണ്ട്. കൊങ്കണ്‍ പാത വന്നപ്പോഴും അവിടെ പുലിശല്യം കൂടിയിരിക്കയാണ്. നിര്‍ത്തിയിട്ട ഗുഡ്‌സ് വാഗണിന്റെ മുകളില്‍ കയറുന്ന ശീലവും പുലികള്‍ക്കുണ്ട്. അങ്ങിനെ ട്രെയിന്‍ വഴി എത്തപ്പെട്ട പുലിയാണെങ്കില്‍ കണ്ണൂരിലെ റെയില്‍വേ ട്രാക്കിനടുത്ത് ഭയപ്പെടാതെ കഴിയാം.
എന്നാല്‍ പിടിയിലായ പുലി ശാന്തസ്വഭാവക്കാരനാണെന്നതാണ് ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നത്. ശല്യപ്പെടുത്തിയവരെ കാര്യമായി അക്രമിച്ചതുമില്ല. സര്‍ക്കസുമായി ബന്ധപ്പെട്ട ചില കുടുംബങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. കണ്ണൂര്‍ നഗരത്തിന് ഏറ്റവും അടുത്തു വനമുള്ളത് ഇരട്ടിക്കപ്പുറമാണ്. രാത്രി സമയത്ത് വനത്തില്‍നിന്നിറങ്ങിവരുന്ന പുലി സാധാരണ ഗതിയില്‍ 150 കിലോ മീറ്റര്‍ വരെ ദൂരം താണ്ടും. രാത്രിസമയം കൊണ്ടു തന്നെ വനത്തില്‍നിന്നിറങ്ങി വനത്തില്‍ തിരിച്ചെത്തും. എന്നാല്‍ പുലി നാട്ടിലിറങ്ങുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ പുറത്തറിയും. പ്രധാനമായും പട്ടികള്‍ ഓരിയിടുകയും പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. പട്ടികളുടെ കൂട്ടക്കരച്ചില്‍ മറ്റു ജീവികള്‍ക്കു കൂടിയുള്ള അപകടസിഗ്നലാണ്. ഇങ്ങനെ രാത്രികാലങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കടലോരം വരെ പുലികള്‍ സഞ്ചരിക്കാറുണ്ട്. മുന്‍കാലങ്ങളില്‍ പുലികളുടെ സഞ്ചാരം മനസ്സിലാക്കി പട്ടികള്‍ ഓരിയിടുമ്പോള്‍ യക്ഷികളുടെ സാന്നിധ്യമാണെന്നു കരുതാറുണ്ടായിരുന്നു.
എന്നാല്‍ രാത്രികാലങ്ങളില്‍ വന്ന് 1999 ലും 2011 ലും കണ്ണൂര്‍നഗരത്തില്‍ പെട്ടുപോയ പുലികളുണ്ട്. 1999 ല്‍ വീട്ടിനകത്ത് പോലും പുലി പെട്ടുപോയിരുന്നു. വളപട്ടണം പുഴ വഴിയാണ് കണ്ണൂരില്‍ ഇങ്ങനെ പുലി എത്താറ്. പ്രജനനകാലത്ത് നഗര പ്രദേശങ്ങളില്‍ പുലികളെത്തുന്നത് ആസാം, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പതിവാണ്. കണ്ണൂരില്‍ നിന്ന് നെയ്യാര്‍ഡാം മൃഗസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച പുലി ഓമനമൃഗത്തിനു സമാനമായ രീതിയില്‍ പെരുമാറിയതോടെയാണ് സംശയം ജനിച്ചത്. ജീവനുള്ള ആടിനെയും മുയലിനെയും പുലിക്ക് ഭക്ഷിക്കാന്‍ നല്‍കിയെങ്കിലും ഒരു മുയലിനെ കൊന്ന പുലി അതിനെ തിന്നാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, ആടുമായി മുട്ടിയുരുമ്മി സൗഹൃദത്തിലാവുകയും ചെയ്തു.
പുലിയുടെ അസാധാരണമായ പെരുമാറ്റത്തെ തുടര്‍ന്ന് വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. കെ. ജയകുമാര്‍ പുലിയെ നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് പുലിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ തെളിഞ്ഞത്. ജയകുമാറിന്റെ റിപ്പോര്‍ട്ടില്‍ പുലിയെ ആരോ വളര്‍ത്തിയതാകാമെന്ന് പറയുന്നുണ്ട്. പുലിയുടെ നിറം മങ്ങിയത് ഷാമ്പൂ ഉപയോഗിച്ചു കുളിപ്പിച്ചതിനെത്തുടര്‍ന്നാകാമെന്നും ജയകുമാര്‍ പറഞ്ഞിരുന്നു.ഇതു പ്രകാരമുള്ള അന്വേഷണമാണ് സുനില്‍ പാമിഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ഉച്ചക്കുശേഷമാണ് കണ്ണൂര്‍ തായത്തെരു റെയില്‍വേ മേല്‍പ്പാലത്തിനു സമീപം പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. മയക്ക് വെടിവച്ചാണ് വനപാലകര്‍ ഇതിനെ പിടിച്ചത്. പുലിയെ പിടികൂടിയ ഉടന്‍ തന്നെ സുഖ ചികിത്സ നല്‍കി കാട്ടിലേക്ക് തുറന്ന് വിടാന്‍ നെയ്യാര്‍ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാര്‍ക്കില്‍ എത്തിക്കുകയായിരുന്നു.