പാലക്കാട്: പാലക്കാട് ധോണിയിൽ മായാപുരത്തിനു സമീപം പുലിയിറങ്ങി. കൂടുതകർത്ത് കോഴിയെ കടിച്ചുപിടിച്ചു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു. വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ രാത്രി മായാപുരത്തെ ജയശ്രീ എന്ന സ്ത്രീയുടെ വീട്ടിലാണു പുലി എത്തിയത്. മായാപുരം മേഖല പുലിഭീഷണി നേരിടുന്ന സ്ഥലമാണ്. നിരന്തരം വന്യമൃഗങ്ങളെത്തുന്ന സ്ഥലമാണിത്. നാട്ടുകാർ പലതവണ വനംവകുപ്പധികൃതർക്ക് പരാതി നൽകിയിരുന്നു.
ജയശ്രീയുടെ വീടിനു സമീപത്തെ വീടുകളിലും കഴിഞ്ഞ ദിവസം പുലിയെത്തിയതായി സൂചനകളുണ്ട്. പുലിയുടെ കാൽപാടുകൾ പലയിടത്തും കണ്ടതായി നാട്ടുകാർ പറഞ്ഞു. വനംവകുപ്പുദ്യോഗസ്ഥർ പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. നേരത്തെയും ഈ പ്രദേശത്ത് കൂടുവച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല.