സ്കൂളിലെ ശുചിമുറിയില്‍ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ടു. ചൊവ്വാഴ്ച രാത്രി ഗോരെഗാവ് ഈസ്റ്റില്‍ ബിംബിസാര്‍ നഗര്‍ പ്രദേശത്തെ സ്കൂളിലാണ് പുള്ളിപ്പുലി കയറിയത്.
സുരക്ഷാ ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്. സ്കൂള്‍ ശുചിമുറിയിലെ ചെറിയ ജനലിലൂടെ അകത്തു കടന്ന പുള്ളിപ്പുലി പുറത്തുകടക്കാനാകാതെ അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് പുള്ളിപ്പുലിയെ രക്ഷിക്കാനായത്.
സ്കൂള്‍ വന്യമൃഗ സംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്ക് (എസ്ജിഎന്‍പി) സമീപത്തായതിനാല്‍ പ്രദേശത്ത് പുള്ളിപ്പുലി ശല്യമുണ്ട്.
സ്കൂളിലെ ശുചിമുറിയില്‍ പുള്ളിപ്പുലി കയറിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് താനെയില്‍ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാഷനല്‍ പാര്‍ക്കിലെ സംഘവും ചേര്‍ന്ന് പുലര്‍ച്ചെയോടെ പുലിയെ പിടികൂടുകയായിരുന്നു.
രാവിലെ സ്കൂളില്‍ എത്തിയ കുട്ടികളെ സ്വാഗതം ചെയ്തത് പുള്ളിപ്പുലിയെക്കുറിച്ചുള്ള കഥകളാണ്.
പുള്ളിപ്പുലിയെ കാണാന്‍ കഴിയാത്തതിന്റെ നിരാശയായിരുന്നു ചിലര്‍ക്കെങ്കിലും ശുചിമുറിയില്‍ ഒളിച്ച പുലിയെ ആരും കണ്ടില്ലായിരുന്നില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്നം ഒഴിവായതിന്റെ ആശ്വാസത്തിലായിരുന്നു മറ്റുള്ളവര്‍.
പുള്ളിപ്പുലിയെ പിന്നീട് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വനത്തില്‍ വിടും.
ഈ വര്‍ഷമാദ്യം സമാനമായ രക്ഷാപ്രവര്‍ത്തനത്തില്‍ മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ 50 അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് പുള്ളിപ്പുലിയെ രക്ഷപ്പെടുത്തിയിരുന്നു.