കലഞ്ഞൂർ: ഗ്രാമപഞ്ചായത്തിലെ പാടം വനം സ്റ്റേഷൻ പരിധിയിലെ തട്ടാക്കുടി പൂമരുതിക്കുഴി ഭാഗത്തു പുലി മൂന്ന് ആടുകളെ പിടികൂടി. സന്തോഷ് ഭവനിൽ സിന്ധുവിന്റെ ആടുകളെയാണ് പുലി പിടിച്ചത്. ഇന്നലെ രാവിലെയാണ് ആടുകളെ ആക്രമിച്ച വിവരം ഉടമ അറിയുന്നത്.
കൂട്ടിൽ എത്തി നോക്കുമ്പോൾ രണ്ട് ആടുകളെ കൂട്ടിൽ ചത്തനിലയിലും മറ്റൊന്നിനെ കാണാതായ നിലയിലുമായിരുന്നു. കൂട്ടിൽ ചത്തനിലയിൽ കണ്ട ആടുകൾക്ക് കഴുത്തിനുൾപ്പെടെ വലിയ മുറിവുകളുണ്ട്. രണ്ട് ആടുകളെയും വലിച്ചു പുറത്തേക്കിട്ട നിലയിലാണ്. ഒരു ആടിനെ കൊണ്ടുപോകുകയും ചെയ്തു. സംസ്ഥാന യുവ കർഷകയ്ക്കുള്ള അവാർഡ് വാങ്ങിയിട്ടുള്ളയാളാണ് സിന്ധു.
പാടം, തട്ടാക്കുടി, പൂമരുതികുഴി തുടങ്ങിയ പ്രദേശങ്ങളിൽ മാസങ്ങളായി പുലിയുടെ ഭീതി നിലനിൽക്കുകയാണ്. പലരുടെയും കൺമുന്പിൽ പുലി എത്തിയിരുന്നു. വളർത്തു മൃഗങ്ങളെ തങ്ങൾക്കു നഷ്ടപ്പെട്ടിട്ടും വനം വകുപ്പ് ഭാഗത്ത് നിന്നും യാതൊരു നടപടികൾ ഉണ്ടാകുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു.
നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷൻ പരിധിയിലാണ് പ്രദേശം. പുലിയുടെ സാന്നിധ്യം ഇപ്പോഴും സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകാൻ വനംവകുപ്പ് തയാറായിട്ടില്ല. പൂമരുതിക്കുഴി പ്രദേശത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വനംവകുപ്പിന്റെ പട്രോളിംഗും ശക്തമല്ല.