കലഞ്ഞൂർ: കലഞ്ഞൂരിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ഇതിനെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നലെയും തുടർന്നു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. വകയാർ മേഖലയിലാണ് ഇന്നലെ പരിശോധന നടന്നത്.
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയിൽ നിന്നെത്തിച്ച ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഞായറാഴ്ചയാണ് വ്യാപക പരിശോധന തുടങ്ങിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച പരിശോധന രാത്രിയിലും തുടർന്നിരുന്നു.
ഇതിനിടെ വകയാർ ഭാഗത്ത് പുലിയെ കണ്ടതായ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. വകയാർ ചന്ത, സെന്റ് തോമസ് സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്.
ടാപ്പിംഗ് നിലച്ച റബർത്തോട്ടങ്ങളിൽ കാട് വളർന്നിട്ടുള്ളതിനാൽ പുലിക്ക് ഒളിത്താവളമാകുമോയെന്ന ആശങ്കയുണ്ട്.
ഇന്നലെ പ്രധാനമായും പരിശോധന നടന്ന കലഞ്ഞൂർ രാക്ഷസൻപാറ പരിസരങ്ങൾ കാടായി മാറിയിരിക്കുകയാണ്.
ഏറെ പണിപ്പെട്ടാണ് പരിശോധക സംഘവും ജനപ്രതിനിധികളടക്കമുള്ളവരും രാക്ഷസൻപാറയുടെ മുകളിലേക്ക് എത്തിയത്.
കല്യാൺ സോമൻ ഡയറക്ടറായിട്ടുള്ള ടീമിൽ അനിൽകുമാർ മച്ചാനി ശ്രീറാം, ദാസ്, ദിവ്യ സുന്ദർ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.
കൂട്ടിൽക്കയറിയാലും ആടുകളെ കിട്ടില്ല
കലഞ്ഞൂർ: ആടുകളെ ഭക്ഷിക്കാമെന്ന മോഹത്തിൽ പുലി കൂട്ടിൽ കയറേണ്ടതില്ല. കലഞ്ഞൂരിലെ പാക്കണ്ടത്തും കാരയ്ക്കാക്കുഴിയിലുമായി രണ്ടു കൂടുകളാണ് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു കൂടുകളിലും ഓരോ ആടുകളെയാണ് കെട്ടിയിരിക്കുന്നത്.
കൂടിന് രണ്ട് അറകളുള്ളതായി വനപാലകർ പറഞ്ഞു. അതുകൊണ്ടുതന്നെ പുലി കൂട്ടിൽ കയറിയാലും ആടുകൾ ഇരയായി മാറില്ല. പുലി കയറുന്പോൾ തന്നെ ആടുകളെ കെട്ടിയിരിക്കുന്ന ഭാഗവും അടയുന്ന രീതിയിലാണ് ക്രമീകരണം.
ഇതോടെ കൂട്ടിൽ കയറുന്ന പുലിക്ക് ആടിനെ പിടിക്കാനാകില്ല. ജന്തു സംരക്ഷണ നിയമപ്രകാരം തീറ്റ നൽകി പുലിയെ പിടിക്കാനാകില്ലെന്നും വനപാലകർ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് കൂടുകൾ വനംവകുപ്പ് സ്ഥാപിച്ചത്, പ്രദേശവാസികളിൽനിന്ന് ഏറ്റെടുത്ത ഓരോ ആടുകളെ അന്നുതന്നെ കൂട്ടിൽ ബന്ധിച്ചു. ഇവയ്ക്ക് തീറ്റയും വെള്ളവും വനപാലകർ എത്തിക്കുന്നുണ്ട്.
വനപാലകരുടെ പ്രത്യേക സംഘത്തെ കൂട് സ്ഥാപിച്ച പ്രദേശത്തു നിയോഗിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ പുലിയുടെ ദൃശ്യം കാമറയിലും പതിഞ്ഞിട്ടില്ല.