ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയ്ക്ക് അടുത്ത് ആട്ടയോലി മലയിലെ താമസക്കാരനായ പുത്തൻപുരക്കൽ ഗോപിയുടെ വളർത്തുനായയെ ഇന്നലെ രാത്രി 12ന് പുലി ആക്രമിച്ചു.
കഴുത്തിന് കടിയേറ്റ നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ശബ്ദം വച്ചതോടെ പുലി നായയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പുലർച്ചെ അഞ്ചിന് പുലി വീണ്ടും എത്തിയതായി വീട്ടുകാർ പറയുന്നു.
കഴിഞ്ഞ ആഴ്ച അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിലാണ് ആദ്യം പുലിയെ കണ്ടത്. പിന്നീട് അടുത്ത ദിവസം രാത്രി വാണിയപ്പാറതട്ട് ഉണ്ണീശോ പള്ളിക്ക് സമീപം ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു.
രണ്ട് സ്ഥലത്തും വനംവകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. പുലി എത്തിയ വീടിന് സമീപത്തുനിന്നും പുലിയുടേത് എന്ന് സംശയിക്കുന്ന കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്.