ഇരിട്ടി: ഉളിക്കൽ, പായം പഞ്ചായത്തുകൾക്കു പിന്നാലെ അയ്യൻകുന്ന് പഞ്ചായത്തിലും കടുവയെ കണ്ടെത്തി. മുണ്ടയാംപറന്പ് ഭഗവതി ക്ഷേത്രത്തിന് സമീപം എരുവന്താനം പ്രഭാകരന്റെ പറന്പിലാണ് രാവിലെ 6.30 ഓടെ കടുവയെ കണ്ടെത്തിയത്.
അയൽവാസിയായി പുതിയവീട്ടിൽ ബിനുവാണ് കടുവയെ കണ്ടത്. വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ജിജിലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചു.
വാർഡ് മെന്പർ മിനി വിശ്വനാഥൻ, കരിക്കോട്ടക്കരി എസ്ഐ എം. അംബുജാക്ഷൻ തുടങ്ങിയവർ സ്ഥലത്തെത്തി മൈക്കിലൂടെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി.
രാവിലെ പത്തോടെ കോഴിക്കോട് നിന്ന് ദ്രുതകർമ്മ സേനയെത്തി കടുവയ്ക്കായി തെരച്ചിൽ ആരംഭിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മുണ്ടയാംപറന്പിൽ സ്കൂളിന് അവധി നല്കി. തൊഴിലുറപ്പ് പണികൾ നിർത്തി വയ്ക്കാനും വനംവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
കാമറകളും ഡ്രോൺ നിരീക്ഷണവും ശക്തമാക്കുമെന്നും ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ കണ്ണൂർ ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്കി. പ്രദേശത്ത് ഇന്ന് ഡിഎഫ്ഒ സന്ദർശനം നടത്തും. സജീവ് ജോസഫ് എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.