കോയന്പത്തൂർ: തമിഴ്നാട്ടിലെ കോയന്പത്തൂരിനു സമീപം ജനവാസമേഖലയിൽ നടന്ന ഒരു കോഴിവേട്ട വൈറലായിരിക്കുന്നു. വേട്ട നടത്തിയത് മനുഷ്യനല്ല, പുലിയാണ്, സാക്ഷാൽ പുള്ളിപ്പുലി! സോമയനൂർ ഗ്രാമത്തിൽ കഴിഞ്ഞദിവസം പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. പുള്ളിപ്പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ പരിഭ്രാന്തരാണ്.
ദൃശ്യങ്ങളിൽ പത്തടിയിലേറെ ഉയരമുള്ള മതിലിന്റെ മുകളിൽ കോഴി ഇരിക്കുന്നതു കാണാം. വീടിനോടു ചേർന്നുള്ള മതിലാണ്. വീട്ടിലേക്കുള്ള വഴിയിലൂടെ വേഗത്തിൽ പുള്ളിപ്പുലി വരുന്നു. കോഴിയെ ലക്ഷ്യമിട്ടുതന്നെയാണു വരവ്. ഇരയെ ദൂരെനിന്നു പുലി കണ്ടിട്ടുണ്ടാകുമെന്ന് ആ വരവിൽനിന്നു വ്യക്തം.
മതിലിന്റെ ചുവട്ടിലെത്തിയ പുള്ളിപ്പുലി കോഴിയെ ഉന്നമിട്ടു മതിലിനുമുകളിലേക്കു ചാടിയുയരുന്നു. എന്നാൽ, ശത്രുവിന്റെ വരവു കണ്ട കോഴി മതിലിൽനിന്നുയർന്നു താഴേക്കു പറക്കുന്നു. ആ സമയം, മതിലിന്റെ മുകളിലെത്തിയ പുലി താഴേക്കു ചാടി കോഴിയെ പിടികൂടുന്നു.
തുടർന്നു കോഴിയെ കടിച്ചുപിടിച്ചു മിന്നൽ വേഗത്തിൽ സ്ഥലത്തുനിന്നു മറയുന്നു. സോമയനൂർ ഗ്രാമം വന്യമൃഗശല്യമുള്ള പ്രദേശമാണ്. നേരത്തെയും ഇവിടെ വന്യമൃഗശല്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.